ഓടുന്ന ട്രെയിനിലേക്ക് കേറാന്‍ ശ്രമം: ട്രെയിനടിയില്‍പ്പെടാതെ താഴെ വീണ അമ്മയെയും മകനെയും രക്ഷിച്ച് വനിതാ ഉദ്യോഗസ്ഥ; അഭിനന്ദിച്ച് റെയില്‍വേ

കൊല്‍ക്കത്ത: നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ തെന്നിവീണ വയോധികയ്ക്കും മകനും രക്ഷകയായി വനിതാ ഉദ്യോഗസ്ഥ. പശ്ചിമ ബംഗാളിലെ ബാങ്കുര റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്തതോടെ വൈറലായി. ഉദ്യോഗസ്ഥയെ അഭിനന്ദിച്ചാണ് റെയില്‍വേ മന്ത്രാലയത്തിന്റെ ട്വീറ്റ്.

ട്രെയിന്‍ മുന്നോട്ട് നീങ്ങി തുടങ്ങിയപ്പോള്‍ നിരവധി പേര്‍ ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് വയോധികയും മകനും ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നത് ഉദ്യോഗസ്ഥ ശ്രദ്ധിച്ചത്.

അപകടസാധ്യത മുന്നില്‍ക്കണ്ട ഉദ്യോഗസ്ഥ വളരെ ദൂരെ നിന്ന് ഇവരുടെ അടുത്തേക്ക് പാഞ്ഞു. ഉദ്യോഗസ്ഥ ഭയന്നതുപോലെ തന്നെ ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ അമ്മയും മകനും താഴേക്ക് വീഴുകയും ചെയ്തു.

ഇരുവരും പ്ലാറ്റ്ഫോമിലേക്ക് തെന്നിവീണതിന് തൊട്ടുപിന്നാലെ ഉദ്യോഗസ്ഥ ഇരുവരേയും ട്രെയിന്‍ ഓടുന്ന ട്രാക്കിനിടയില്‍ പെടാതിരിക്കാന്‍ വലിച്ച് നീക്കി രക്ഷപ്പെടുത്തുകയായിരുന്നു.

കൃത്യസമയത്ത് ഉദ്യോഗസ്ഥ നടത്തിയ നീക്കം രണ്ട് മനുഷ്യജീവനുകളെ ദാരുണമായ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെന്ന് പറഞ്ഞ് നിരവധിപേരാണ് അവരെ അഭിനന്ദിക്കുന്നത്.

Exit mobile version