‘മരങ്ങള്‍ വളരില്ല’: ആര്‍ത്തവമുള്ള പെണ്‍കുട്ടികളെ വൃക്ഷത്തൈ നടുന്നതില്‍ നിന്നും വിലക്കി അധ്യാപകന്‍

മുംബൈ: സര്‍ക്കാര്‍ സ്‌കൂളില്‍ നടന്ന വൃക്ഷത്തൈ നടീല്‍ യജ്ഞത്തില്‍ നിന്ന് ആര്‍ത്തവമുള്ള വിദ്യാര്‍ഥിനികളെ അധ്യാപകന്‍ മാറ്റിനിര്‍ത്തിയതായി ആരോപണം. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള സര്‍ക്കാര്‍ ബോര്‍ഡിങ് സ്‌കൂളിലെ അധ്യാപകനെതിരെയാണ് വിദ്യാര്‍ഥികളുടെ പരാതി. ഒരു പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണത്തിന് ഉത്തരവിട്ടു.

ആര്‍ത്തവമുള്ള പെണ്‍കുട്ടികള്‍ തൈകള്‍ നട്ടുപിടിപ്പിച്ചാല്‍ മരങ്ങള്‍ വളരില്ലെന്ന് പറഞ്ഞാണ് അധ്യാപകന്‍ തങ്ങളെ തടഞ്ഞതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പരാതി നല്‍കിയത്.

പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ ക്ലാസിലുള്ള എല്ലാ വിദ്യാര്‍ഥികളുടേയും മൊഴി രേഖപ്പെടുത്തും. സ്‌കൂളിലെ അധ്യാപകര്‍, മറ്റു ജീവനക്കാര്‍ തുടങ്ങി എല്ലാവരില്‍ നിന്നും മൊഴിയെടുക്കുമെന്നും ആദിവാസി ക്ഷേമ വകുപ്പ് കമ്മീഷണര്‍ സന്ദീപ് ഗൊലയ്ത് പറഞ്ഞു.

നാസിക് ജില്ലാ അഡീഷണല്‍ കളക്ടറും ടിഡിഡി പ്രൊജക്ട് ഓഫീസറുമായ വര്‍ഷ മീണ സ്‌കൂളിലെത്തി പെണ്‍കുട്ടിയോട് പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു. 500 ഓളം പെണ്‍കുട്ടികള്‍ ഈ സ്‌കൂളില്‍ പഠിക്കുന്നുണ്ട്.

Exit mobile version