സൊഹ്റാബുദ്ദീന്‍ കേസ്; സിബിഐയുടേത് കെട്ടിച്ചമച്ച കഥകളായിരുന്നുവെന്ന് കോടതി

കുറ്റകൃത്യത്തിലെ സത്യാവസ്ഥ കണ്ടെത്തുന്നതിന് പകരം സി.ബി.ഐക്ക് ചില ലക്ഷ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്

സൊഹ്റാബുദ്ദീന്‍, കൗസര്‍ബി, തുള്‍സിറാം പ്രജാപതി എന്നിവരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐയുടെ അന്വേഷണം രാഷ്ട്രീയ നേതാക്കളെ കുടുക്കാനായി മുന്‍കൂട്ടി നിശ്ചയിച്ച കഥകളുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് വിചാരണ കോടതി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കേസില്‍ 22 പ്രതികളെയും വെറുതെ വിട്ട് പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്.ജെ.ശര്‍മ പുറപ്പെടുവിച്ച വിധിയിലാണ് സി.ബി.ഐയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്തത്.

മൂന്നു ജീവനുകള്‍ നഷ്ടമായതില്‍ ദുഃഖമുണ്ടെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെ വിടുകയാണെന്ന് പ്രസ്താവിച്ച് കോടതി ഡിസംബര്‍ 21ന് പുറപ്പെടുവിച്ച വിധിയുടെ പൂര്‍ണരൂപം വെള്ളിയാഴ്ചയാണ് പുറത്തുവന്നത്.

കേസിലെ 16ാം പ്രതിയായ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്ക് വിടുതല്‍ നല്‍കി തെന്റ മുന്‍ഗാമിയായ ന്യായാധിപന്‍ എം.ബി. ഗോസ്വാമി നേരേത്ത ഉത്തരവിട്ടപ്പോള്‍, അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പരാമര്‍ശിച്ചിരുന്നതായി എസ്.ജെ.ശര്‍മ വിധിപ്രസ്താവത്തില്‍ എടുത്തു പറഞ്ഞു. ”കോടതി മുമ്പാകെ വന്ന തെളിവുകള്‍ പരിശോധിച്ചതില്‍നിന്നും സാക്ഷികളെ വിസ്തരിച്ചതില്‍നിന്നും വ്യക്തമായത്, അന്വേഷണ ഏജന്‍സിക്ക് മുന്‍കൂട്ടി നിശ്ചയിച്ച കഥയുണ്ടായിരുന്നുവെന്നാണ്.

ഇത് രാഷ്ട്രീയ നേതാക്കളെ കേസില്‍ ഉള്‍പ്പെടുത്താനുള്ള പദ്ധതിയാണെന്ന് പറയാന്‍ എനിക്ക് മടിയില്ല” വിധിയില്‍ പറയുന്നു. കുറ്റകൃത്യത്തിലെ സത്യാവസ്ഥ കണ്ടെത്തുന്നതിന് പകരം സി.ബി.ഐക്ക് ചില ലക്ഷ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. സത്യം കണ്ടെത്തുന്നതിന് പകരം ആ ലക്ഷ്യം കൈവരിക്കുകയായിരുന്നു അവര്‍ ചെയ്തെതന്നും വിധിയില്‍ പറയുന്നു.

രാഷ്ട്രീയ നേതാക്കളെ കുടുക്കാന്‍ തങ്ങളുടെ മൊഴികളെ സി.ബി.ഐ തെറ്റായി ചേര്‍ക്കുകയായിരുന്നുവെന്ന് സാക്ഷികള്‍ കോടതി മുമ്പാകെ തുറന്നുപറഞ്ഞു” ശര്‍മ വിശദീകരിച്ചു. സി.ബി.ഐ ധൃതിപ്പെട്ട് അന്വേഷണം അവസാനിപ്പിച്ചതിന്റെ അര്‍ഥം വ്യക്തമായ തെളിവുകള്‍ നിരത്താന്‍ ഇല്ലാതിരുന്നു എന്നതാണ്.”ഗൂഢാലോചനയെപ്പറ്റി ഒരു അറിവും ഇല്ലാത്ത നിരപരാധികളാണ് കേസില്‍ ഉള്‍പ്പെടുത്തപ്പെട്ട പൊലീസുകാര്‍ എന്നാണ് കോടതിക്ക് ബോധ്യപ്പെട്ടത്” വിധിയില്‍ പറയുന്നു.

എന്നാല്‍, ഇത്രയും ക്രൂരമായ ഒരു കുറ്റകൃത്യം നടന്നിട്ടും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതില്‍ ഇരകളുടെ കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിനുമുണ്ടായ നിരാശ കോടതി കാണാതിരിക്കുന്നില്ല. ”പക്ഷേ, ധാര്‍മിക ബോധ്യത്തിന്റെയും സംശയത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രം പ്രതികളെ ശിക്ഷിക്കാന്‍ നിയമം അനുവദിക്കുന്നില്ല.

ക്രിമിനല്‍ കേസില്‍ സത്യം തെളിയിക്കേണ്ട ബാധ്യത കൈമാറപ്പെടുന്നില്ല. എല്ലായ്പോഴും ആ ബാധ്യത പ്രോസിക്യൂഷന്റെ ചുമലിലാണ്. പ്രതികള്‍ കുറ്റക്കാരല്ല എന്നു വിധിക്കാതെ കോടതിക്ക് വേറെ നിര്‍വാഹമില്ല. കൊല്ലപ്പെട്ടവരെ പൊലീസ് തട്ടിക്കൊണ്ടു പോയതായി തെളിയിക്കാനും സി.ബി.ഐക്ക് കഴിഞ്ഞില്ല” കോടതി വ്യക്തമാക്കി.

Exit mobile version