മറ്റൊരു വിവാഹം കഴിക്കണം : ഭാര്യയെ കൊല്ലാന്‍ മരുമകള്‍ക്ക് ക്വട്ടേഷന്‍ നല്‍കി അമ്മായിയച്ഛന്‍, രണ്ടുപേരും പിടിയില്‍

ഭോപ്പാല്‍ : മറ്റൊരു വിവാഹം കഴിക്കുന്നതിന് ഭാര്യയെ കൊലപ്പെടുത്താന്‍ മരുമകള്‍ക്ക് ക്വട്ടേഷന്‍ നല്‍കി അമ്മായിയച്ഛന്‍. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. അമ്മായിയമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് മരുമകള്‍ കാഞ്ചന്‍ കോള്‍(25)നെയും ക്വട്ടേഷന്‍ നല്‍കിയ വാല്‍മീകി കോള്‍(51)നെയും പോലീസ് അറസ്റ്റ് ചെയ്തു.

രേവ സ്വദേശിയായ സരോജ് (50) ആണ് കൊല്ലപ്പെട്ടത്. മറ്റൊരു വിവാഹം കഴിക്കാനാഗ്രഹിച്ചിരുന്ന വാല്‍മീകി ഇവരെ ഒഴിവാക്കുന്നതിനായി മരുമകള്‍ കാഞ്ചന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. നാലായിരം രൂപയാണ് കൊലപാതകത്തിനായി വാല്‍മീകി കാഞ്ചന് വാഗ്ദാനം ചെയ്തത്. ഇത് കൂടാതെ നിശ്ചിത തുക എല്ലാ മാസവും നല്‍കാമെന്നുമേറ്റു. സരോജും കാഞ്ചനും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നറിയാമായിരുന്ന വാല്‍മീകി ഇത് മുന്നില്‍ക്കണ്ടാണ് ക്വട്ടേഷന്‍ നല്‍കിയത്.

ക്വട്ടേഷന്‍ ഏറ്റെടുത്ത കാഞ്ചന്‍ വാല്‍മീകിയും ഭര്‍ത്താവും വീട്ടില്‍ ഇല്ലാതിരുന്ന സമയം നോക്കി ജൂലൈ 12ന് കൃത്യം നടത്തുകയായിരുന്നു. ഇരുമ്പ് പാന്‍ ഉപയോഗിച്ച് സരോജിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം വാല്‍മീകി നല്‍കിയ കത്തിയുപയോഗിച്ച് കഴുത്തറുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Exit mobile version