‘ഞാൻ ഇത് അർഹിക്കുന്നു, അതെന്റെ എന്റെ അറിവില്ലായ്മയാണ്’; പഞ്ചാംഗം ട്രോളിൽ തിരുത്തലുമായി ആർ മാധവൻ

തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി; ദ നമ്പി ഇഫക്ട് എന്ന സിനിമയുടെ പ്രചരണത്തിനിടെ നടത്തിയ പരിഹാസ്യമായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ആർ മാധവൻ രംഗത്ത്. ‘അൽമനാകിനെ തമിഴിൽ ‘പഞ്ചാംഗ്’ എന്ന് വിളിച്ചതിന് ഞാൻ ഇത് അർഹിക്കുന്നു. അതെന്റെ എന്റെ അറിവില്ലായ്മയാണ്. എന്നിരുന്നാലും ചൊവ്വാ ദൗത്യം വെറും രണ്ട് എഞ്ചിനുകൾ കൊണ്ട് നേടിയത് ഒരു റെക്കോഡ് തന്നെയാണ്’- മാധവൻ ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യൻ റോക്കറ്റുകൾക്ക് രണ്ട് എഞ്ചിനുകൾ മാത്രമാണ് ഉണ്ടായിരുന്നത്. മൂന്ന് എഞ്ചിനുകൾ (ഖര, ദ്രാവകം, ക്രയോജനിക്) ഉണ്ടായിരുന്നില്ല. എന്നാൽ പാശ്ചാത്യ രാജ്യങ്ങളുടെ റോക്കറ്റുകളെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് നയിക്കാൻ സഹായിച്ചത് അതായിരുന്നു. ഇന്ത്യ ഈ കുറവ് നികത്തിയത്, ‘പഞ്ചാംഗ’ത്തിലെ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് എന്നായിരുന്നു മാധവൻ മുൻപ് സിനിമ പ്രമോഷനിടെ പറഞ്ഞത്.

ഇതേ തുടർന്ന് സോഷ്യൽമീഡിയ ഒന്നടങ്കം മാധവനെതിരെ രംഗത്തെത്തിയിരുന്നു. കർണാടക സംഗീതജ്ഞൻ ടിഎം കൃഷ്ണ അടക്കമുള്ളവർ ഇത് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. മാധവന്റെ പരാമർശത്തിനെതിരേ ശാസ്ത്രത്തെ സ്‌നേഹിക്കുന്നവർ രൂക്ഷമായ വിമർശനങ്ങളും ട്രോളുകളുമാണ് ഉയർത്തിയത്.

ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ആർ മാധവൻ റോക്കട്രി, ദി നമ്പി ഇഫക്ട് എന്ന ചിത്രം സംവിധാനം ചെയ്തിരുന്നത്. നമ്പി നാരായണനായി വെള്ളിത്തിരയിലെത്തുന്നതും ആർ മാധവൻ തന്നെയാണ്.

സിമ്രാൻ, രജിത് കപൂർ, രവി രാഘേവേന്ദ്രൻ, മുരളീധകൻ, മിഷാ ഘോഷാൽ, കാർത്തിക് കുമാർ തുടങ്ങിയ താരങ്ങളും മുഖ്യവേഷത്തിലെത്തുന്നു. ജൂലൈ 1 ന് ചിത്രം റിലീസ് ചെയ്യും.

Exit mobile version