മാലിദ്വീപില്‍ യോഗാദിന പരിപാടി തടസ്സപ്പെടുത്തി പ്രതിഷേധ പ്രകടനം

Maldives | Bignewslive

മാലി : മാലിദ്വീപില്‍ ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച യോഗപരിപാടി അലങ്കോലപ്പെടുത്തി പ്രതിഷേധക്കാര്‍. യോഗാഭ്യാസം നടക്കുന്നതിനിടെ ആയുധങ്ങളുമായെത്തിയ സംഘം യോഗ ചെയ്യുന്നവരെ അടിച്ചോടിച്ചു.

മാലിദ്വീപിലെ ഗലോഹു നാഷണല്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാടി നടന്നുകൊണ്ടിരിക്കെ ഒരു കൂട്ടമാളുകള്‍ പ്ലാക്കാര്‍ഡുകളും ബാനറുകളുമുയര്‍ത്തി സ്റ്റേഡിയത്തിലേക്ക് നടന്നു കയറുകയായിരുന്നു.

യോഗാ പരിപാടികള്‍ ഉടന്‍ നിര്‍ത്തി വയ്ക്കണമെന്നും ആളുകള്‍ സ്റ്റേഡിയം വിട്ടുപോകണമെന്നുമുള്ള മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. പരിപാടിയില്‍ പങ്കെടുത്തവരെ മര്‍ദിയ്ക്കാന്‍ ശ്രമിച്ചതോടെ പോലീസ് കണ്ണിര്‍ വാതകം പ്രയോഗിച്ചു. ഇരിപ്പിടങ്ങളും ഭക്ഷണവുമെല്ലാം നശിപ്പിച്ച ശേഷമാണ് അക്രമിസംഘം മടങ്ങിയത്.

വിഷയത്തില്‍ മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സാലെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തീവ്രനിലപാടുള്ള സംഘടനകളാണ് അക്രമത്തിന് പിന്നിലെന്നാണ് നിഗമനം. മാലിദ്വീപ് പൗരന്മാര്‍, നയതന്ത്ര പ്രതിനിധികള്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി നൂറിലധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

Exit mobile version