പ്രസവാവധി നീട്ടി കിട്ടിയില്ല, പിഞ്ചുകുഞ്ഞിനെ മാറോടണച്ച് ഡ്യൂട്ടി ചെയ്ത് കോണ്‍സ്റ്റബിള്‍

കചാര്‍: പ്രസവാവധി നീട്ടാനുള്ള അപേക്ഷ പരിഗണിച്ചില്ല, പിഞ്ചുകുഞ്ഞുമായി ജോലിക്കെത്തി അസമിലെ വനിതാ കോണ്‍സ്റ്റബിള്‍. ഏഴ് മാസം പ്രായമുള്ള മകളുമായിട്ടാണ് 27കാരിയായ സചിത റാണി റോയ് ജോലി ചെയ്യുന്നത്.

സചിത കുഞ്ഞിനെയുമെടുത്ത് ജോലി ചെയ്യുന്ന ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.
സില്‍ചാര്‍ പിഐ കോടതിയില്‍ ഡെപ്യൂട്ടേഷനിലാണ് സചിത ഇപ്പോഴുള്ളത്. കുട്ടിയെ ബേബി കാരിയറിലാക്കി നെഞ്ചോട് ചേര്‍ത്ത് വെച്ചാണ് ഇവര്‍ ജോലി ചെയ്യുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുട്ടിയെ നോക്കാന്‍ വീട്ടില്‍ മറ്റാരുമില്ലാത്തതിനാല്‍ പ്രസവാവധി കഴിഞ്ഞപ്പോള്‍ ലീവ് നീട്ടാന്‍ അപേക്ഷ നല്‍കിയെങ്കിലും അധികൃതര്‍ ഇത് തള്ളി. ഇതോടെയാണ് കുട്ടിയുമായി ജോലിക്കെത്താന്‍ നിര്‍ബന്ധിതയായതെന്നാണ് പോലീസ് ഉദ്യോഗസ്ഥ പറയുന്നത്. ദിവസവും രാവിലെ 10.30ന് മകളുമായി ഓഫീസിലെത്തുന്ന സചിത അന്നത്തെ ഡ്യൂട്ടി പൂര്‍ത്തിയാക്കിയ ശേഷമേ മടങ്ങാറുള്ളൂ.

‘കുഞ്ഞിനെ നോക്കാന്‍ വീട്ടില്‍ ആരുമില്ല. അതുകൊണ്ട് കുട്ടിയെയും കൂടെ കൂട്ടാന്‍ നിര്‍ബന്ധിതയായി. പലപ്പോഴും ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ എനിക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ല’ സചിത പറയുന്നു.

സചിത റാണി റോയിയുടെ ഭര്‍ത്താവ് സിആര്‍പിഎഫ് ജവാനാണ്. സംസ്ഥാനത്തിന് പുറത്താണ് അദ്ദേഹം ജോലി ചെയ്യുന്നത്. സില്‍ച്ചാറിലെ മാലുഗ്രാം പ്രദേശത്താണ് സചിതയുടെ വീട്. തന്റെ സഹപ്രവര്‍ത്തകരും ജോലി സ്ഥലത്ത് കുട്ടിയെ നോക്കാന്‍ തയ്യാറാകാറുണ്ടെന്നും അവര്‍ പറയുന്നു. ചില അവസരങ്ങളില്‍ താന്‍ നേരത്തേ ഡ്യൂട്ടി അവസാനിപ്പിക്കാറുണ്ട്. പോലീസ് ഡിപ്പാര്‍ട്‌മെന്റും ഇക്കാര്യത്തില്‍ സഹായിക്കുന്നുണ്ട്.

താന്‍ വീണ്ടും അവധി നീട്ടികിട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അത് ലഭിക്കുന്നതുവരെ ഈ രീതിയില്‍ ഡ്യൂട്ടിയില്‍ തുടരുമെന്നും സചിത റാണി റോയി പറഞ്ഞു.

Exit mobile version