നബിവിരുദ്ധ പരാമര്‍ശം : ഇന്ത്യയില്‍ ചാവേറാക്രമണങ്ങള്‍ നടത്തുമെന്ന് അല്‍ ഖ്വയ്ദ

ന്യൂഡല്‍ഹി : മുഹമ്മദ് നബിയ്‌ക്കെതിരെ ബിജെപി ദേശീയ വക്താവ് നൂപുര്‍ ശര്‍മ നടത്തിയ പരാമര്‍ശത്തില്‍ വിവാദം പുകയുന്നു. വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ പ്രതികാരം ചെയ്യുമെന്ന് ഭീഷണിയുമായി ഭീകര സംഘടന അല്‍ ഖ്വയ്ദ രംഗത്തെത്തി. രാജ്യത്ത് ചാവേറാക്രമണങ്ങള്‍ നടത്തുമെന്നാണ് ഭീഷണി.

ഗുജറാത്ത്, യുപി, ബോംബെ, ഡല്‍ഹി എന്നിവിടങ്ങളില്‍ ചാവേറാക്രമണം നടത്തുമെന്നാണ് സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുഹമ്മദ് നബിയുടെ മഹത്വത്തെ അവഹേളിച്ചവര്‍ ഫലത്തിനായി കാത്തിരിക്കണമെന്നും ഇത്തരക്കാരെ ദേഹത്ത് ബോംബ് കെട്ടി ജിഹാദികള്‍ പാഠം പഠിപ്പിക്കുമെന്നും ജൂണ്‍ ആറ് എന്ന് തീയതി വെച്ച കത്തില്‍ പറയുന്നു. കാവി തീവ്രവാദികള്‍ കരുതിയിരിക്കണമെന്നും മുന്നറിയിപ്പുണ്ട്.

കത്ത് പരിശോധിച്ചു വരികയാണെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. മുന്‍ കരുതല്‍ എന്ന നിലയില്‍ ഊര്‍ജിത അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഗ്യാന്‍വാപി സംഭവത്തെ കുറിച്ചുള്ള ഒരു ചാനല്‍ ചര്‍ച്ചയില്‍ ഇസ്ലാമിലെ ചില കാര്യങ്ങള്‍ പരിഹാസപാത്രമാണെന്ന് നൂപുര്‍ പറഞ്ഞതിനെച്ചൊല്ലിയാണ് വിവാദം ഉടലെടുത്തത്.

പരാമര്‍ശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ക്ഷമാപണം നടത്തണമെന്നാവശ്യപ്പെട്ട് ഗള്‍ഫ് രാജ്യങ്ങള്‍ നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. ഖത്തര്‍, കുവൈറ്റ്, ഇറാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയുടെ സ്ഥാനപതിമാരെ വിളിച്ചു വരുത്തിയാണ് പ്രതിഷേധമറിയിച്ചത്.

Also read : നബിവിരുദ്ധ പരാമര്‍ശം : ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയ്ക്ക് താക്കീത് നല്‍കണമെന്ന് പാകിസ്താന്‍

പരാമര്‍ശത്തിനെതിരെ മുസ്ലിം വിഭാഗം ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ സംഘടിപ്പിച്ച ഹര്‍ത്താല്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ 20 പോലീസുകാരുള്‍പ്പടെ 40 പേര്‍ക്കാണ് പരിക്കേറ്റത്. ഇതുവരെ 36 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 1500 പേര്‍ക്കെതിരെ കേസെടുത്തു. സംഭവം വന്‍ വിവാദമായതിനെ തുടര്‍ന്ന് നൂപുറിനെയും പാര്‍ട്ടിയുടെ ഡല്‍ഹി മാധ്യമ വിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനെയും ബിജെപി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Exit mobile version