“ഇത് ആന്ധ്രയോ പാകിസ്താനോ ?” ജിന്ന ടവറിന്റെ പേര് മാറ്റണമെന്ന് ബിജെപി

അമരാവതി : ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലുള്ള ചരിത്രപ്രസിദ്ധമായ ജിന്ന ടവറിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി. ടവറിന് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പേര് നല്‍കണമെന്നാവശ്യപ്പെട്ട്‌ ചൊവ്വാഴ്ച ജിന്നയിലേക്ക് മാര്‍ച്ച് ചെയ്ത ബിജെപി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ടവറിന്റെ പേര് മാറ്റണമെന്ന് കുറച്ച് നാളുകളായി ബിജെപിയും മറ്റ് ഹിന്ദു സംഘടനകളും നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഗൗനിച്ചിരുന്നില്ല. ചൊവ്വാഴ്ച ഇതാവശ്യപ്പെട്ടുള്ള പ്രക്ഷോഭം അരങ്ങേറിയതോടെയാണ് പോലീസ് ബിജെപിയുടെ ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ ഉള്‍പ്പടെയുള്ളവരെ കസ്റ്റഡിയിലെടുത്തത്.

പോലീസ് നടപടിയെ അപലപിച്ച മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാ എംപിയുമായ ജിവിഎല്‍ നരസിംഹ റാവു നാം ജീവിക്കുന്നത് ആന്ധ്ര പ്രദേശിലാണോ അതോ പാകിസ്താനിലാണോ എന്ന് പ്രതികരിച്ചു. “ജിന്ന ടവറിന്റെ പേര് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റേതാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തതിന് ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍, ദേശീയ സെക്രട്ടറി സത്യ കുമാര്‍ അടക്കം നൂറ് കണക്കിന് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിനെ അപലപിക്കുന്നു. നാം ആന്ധ്രപ്രദേശിലാണോ പാകിസ്താനിലാണോ ?” റാവു ട്വീറ്റ് ചെയ്തു.

Exit mobile version