മുംബൈ ഫ്‌ലാറ്റില്‍ തീപിടുത്തം; അഞ്ച് പേര്‍ മരിച്ചു, അഗ്‌നിശമന സേനാംഗം ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പൊള്ളലേറ്റു

നഗരത്തിലെ തിരക്കേറിയ ചേരിപ്രദേശമായ ചെമ്പൂരിലെ തിലക് നഗറില്‍ സര്‍ഗം സൊസൈറ്റിയുടെ 35 നില കെട്ടിടത്തിന്റെ പതിന്നാലാം നിലയിലാണ് തീപിടുത്തം ഉണ്ടായത്

മുംബൈ: മുംബൈയിലെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ അഞ്ചു പേര്‍ മരിച്ചു. നഗരത്തിലെ തിരക്കേറിയ ചേരിപ്രദേശമായ ചെമ്പൂരിലെ തിലക് നഗറില്‍ സര്‍ഗം സൊസൈറ്റിയുടെ 35 നില കെട്ടിടത്തിന്റെ പതിന്നാലാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 7.51നാണ് അപകടം നടന്നത്.

സുനിത ജോഷി, ബാല്‍ചന്ദ്ര ജോഷി, സുമന്‍ ശ്രീനിവാസ് ജോഷി, സരള സുരേഷ് ഗംഗര്‍, ലക്ഷ്മിബെന്‍ പ്രേംജി ഗംഗര്‍ എന്നിവരാണ് തീപിടുത്തത്തില്‍ മരിച്ചവര്‍. അഗ്‌നിശമന സേനാംഗം ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില തൃപ്തികരമാണ്.

പതിനഞ്ച് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Exit mobile version