ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണം: ‘ഹിന്ദുക്കള്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണം, രണ്ട് കുട്ടികളെ രാജ്യത്തിന് നല്‍കണം’; സാധ്വി ഋതംബര

കാണ്‍പൂര്‍: ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ഓരോ ഹിന്ദുവും നാല് കുട്ടികള്‍ക്ക് വീതം ജന്മം നല്‍കണമെന്നും അതില്‍ രണ്ട് കുട്ടികളെ രാജ്യത്തിന് നല്‍കണമെന്നും വിവാദ പരാമര്‍ശവുമായി വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്വി ഋതംബര. ഇങ്ങനെ ചെയ്താല്‍ ഇന്ത്യയെ എത്രയും പെട്ടന്ന് ഹിന്ദുരാഷ്ട്രമാക്കാന്‍ സാധിക്കുമെന്നും അവര്‍ പറയുന്നു.

ഡല്‍ഹിയില്‍ നടന്ന വര്‍ഗീയ കലഹത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇവരുടെ വിവാദ പ്രസ്താവന. ഡല്‍ഹിയില്‍ വെച്ച് നടന്ന ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടവര്‍ ഹിന്ദുക്കളുടെ വളര്‍ച്ചയില്‍ അസൂയപ്പെടുന്നവരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാം മഹോത്സവത്തിന്റെ ഭാഗമായി നിരാല നഗറില്‍ നടത്തി പരിപാടിയിലായിരുന്നു ഇവര്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കാന്‍ ഹിന്ദു സ്ത്രീകളോട് ആഹ്വാനം ചെയ്തത്.
നാം രണ്ട് നമുക്ക് രണ്ട് ഇതാണ് നമ്മളിപ്പോള്‍ സ്വീകരിക്കുന്ന നിലപാട്. എന്നാല്‍ എല്ലാ ഹിന്ദുക്കളോടും നാല് കുട്ടികളെ ജനിപ്പിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. അതില്‍ രണ്ട് കുട്ടികളെ രാജ്യത്തിന് വേണ്ടി നല്‍കണം. മറ്റ് രണ്ട് കുട്ടികളെ നിങ്ങള്‍ക്ക് വളര്‍ത്താം. അങ്ങനെയെങ്കില്‍ ഇന്ത്യ എത്രയും പെട്ടന്ന് ഹിന്ദു രാഷ്ട്രമാവും,’ ഋതംബര പറയുന്നു.

ഏക സിവില്‍ കോഡ് നയം ഇന്ത്യയില്‍ നടപ്പാക്കണമെന്നും അങ്ങനെയാണെങ്കില്‍ ജനസംഖ്യയില്‍ അസന്തുലിതാവസ്ഥ ഉണ്ടാവില്ലെന്നും അവര്‍ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

സമാന ആവശ്യമുന്നയിച്ച് അഖില ഭരത് സന്ത് പരിഷത്തിന്റെ നേതാവ് യതി നരസിംഹാനന്ദും രംഗത്തെത്തിയിരുന്നു. ഇന്ത്യ ഒരു മുസ്ലിം രാഷ്ട്രമാകാതിരിക്കാന്‍ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മുസ്ലിങ്ങളെ വംശഹത്യ ചെയ്യണമെന്ന വിവാദ പ്രസംഗത്തിന് ഇയാള്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇയാള്‍ വീണ്ടും മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയത്.

ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള ഒരു ജനാധിപത്യരാജ്യമാണ് ഇന്ത്യയെന്നും എന്നാല്‍ ന്യൂനപക്ഷമായ മുസ്ലിങ്ങള്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിച്ച് അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഇയാള്‍ ആരോപിച്ചു. രണ്ട് കുട്ടികളെ മാത്രം പ്രസവിക്കാന്‍ പൗരന്മാരോട് ആവശ്യപ്പെടുന്ന ഒരു നിയമം നമ്മുടെ രാജ്യത്ത് ഇല്ലെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version