കുഞ്ഞേച്ചിയുടെ മടിയില്‍ അനിയത്തി സുരക്ഷിത! കുഞ്ഞനുജത്തിയ്ക്ക് സ്‌കൂളിലും കരുതലൊരുക്കി പത്തുവയസ്സുകാരി ചേച്ചി; ബിരുദം വരെ വിദ്യാഭ്യാസം ഏറ്റെടുത്ത് മന്ത്രി

മണിപ്പൂര്‍: കുഞ്ഞനുജത്തിയെ മടിയിലിരുത്തി ക്ലാസില്‍ പങ്കെടുക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ ഹൃദ്യമായ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മണിപ്പൂരില്‍ നിന്നുള്ള മെയ്നിംഗ്സിന്‍ലിയു പമേയ് എന്ന നാലാം ക്ലാസുകാരിയാണ് പഠനത്തിലും വിട്ടുവീഴ്ച വരുത്താതെ കുഞ്ഞനുജത്തിയ്ക്ക് കരുതലൊരുക്കുന്നത്.

അവളുടെ മാതാപിതാക്കള്‍ കൃഷിക്കും പഠനത്തിനുമായി പുറത്തുപോകുന്നതിനാല്‍ അനുജത്തിയെ നോക്കാന്‍ ആരുമില്ല. അതിനാല്‍ മെയ്നിംഗ്സിന്‍ലിയു സ്‌കൂളില്‍ പോകുമ്പോള്‍ കുഞ്ഞിനേയും കൂടെ കൂട്ടും. ക്ലാസ് നടക്കുമ്പോള്‍ ഈ കുഞ്ഞേച്ചിയുടെ മടിയില്‍ അനിയത്തി സുരക്ഷിതയായിരിക്കും.

അനിയത്തിയേയും മടിയിലിരുത്തി ക്ലാസില്‍ പങ്കെടുക്കുന്ന ഈ പെണ്‍കുട്ടിയുടെ ചിത്രം വൈറലാകാന്‍ അധിക സമയം വേണ്ടി വന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി അഭിനന്ദനങ്ങളാണ് ഈ പത്തുവയസ്സുകാരിയെ തേടിയെത്തുന്നത്.

ചിത്രം ശ്രദ്ധയില്‍പ്പെട്ട മണിപ്പൂര്‍ വൈദ്യുതി, വനം, പരിസ്ഥിതി മന്ത്രി മബിശ്വജിത് സിങ് പെണ്‍കുട്ടിയെ പിന്തുണയ്ക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ചിത്രം ട്വീറ്റ് ചെയ്തു:


വിദ്യാഭ്യാസത്തോടുള്ള അവളുടെ സമര്‍പ്പണമാണ് തന്നെ അദ്ഭുതപ്പെടുത്തിയത് എന്നാണ് അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചത്. പമേയ്ക്ക് പിന്തുണ നല്‍കുന്നതിനായി, പെണ്‍കുട്ടിയുടെ ബന്ധുക്കളെ ബന്ധപ്പെടുകയും കൂടിക്കാഴ്ചയ്ക്കായി അവളെ ഇംഫാലിലേക്ക് കൊണ്ടുവരാന്‍ മന്ത്രി ആവശ്യപ്പെടുകയും ചെയ്തു.

‘സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഞങ്ങള്‍ അവളുടെ കുടുംബത്തെ കണ്ടെത്തി അവളെ ഇംഫാലിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.
ബിരുദം നേടുന്നതുവരെ അവളുടെ വിദ്യാഭ്യാസം ഞാന്‍ വ്യക്തിപരമായി പരിപാലിക്കുമെന്ന് അവളുടെ കുടുംബത്തോട് പറഞ്ഞു. അവളുടെ സമര്‍പ്പണത്തില്‍ അഭിമാനിക്കുന്നു!’ മറ്റൊരു ട്വീറ്റില്‍ മന്ത്രി പറഞ്ഞു.

Exit mobile version