യഥാര്‍ഥ മിന്നല്‍ മുരളിയായി നടരേഷ്! ആളിക്കത്തുന്ന തീയില്‍ നിന്നും കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് രക്ഷപ്പെടുത്തി കോണ്‍സ്റ്റബിള്‍, അഭിനന്ദനപ്രവാഹം

ജയ്പൂര്‍: ആളിക്കത്തുന്ന തീയില്‍ നിന്നും കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് രക്ഷപ്പെടുത്തിയ കോണ്‍സ്റ്റബിളിന് അഭിനന്ദനപ്രവാഹം. വര്‍ഗീയ കലാപം രൂക്ഷമായ രാജസ്ഥാനിലെ കരൗലിയിലാണ് സംഭവം. രാജസ്ഥാന്‍ പോലീസ് കോണ്‍സ്റ്റബിള്‍ നടരേഷ് ശര്‍മ്മയാണ് കത്തിയാളുന്ന തീയില്‍ നിന്നും കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

ഹിന്ദു പുതുവത്സര ആഘോഷങ്ങള്‍ക്കിടെയാണ് കരൗലില്‍ കലാപം ആരംഭിച്ചത്. സംഘര്‍ഷ സ്ഥലത്ത് അക്രമികള്‍ നിരവധി കടകള്‍ക്ക് തീയിട്ടിരുന്നു. അതിനിടെ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ രണ്ട് സ്ത്രീകള്‍ ജീവന്‍ രക്ഷിക്കാന്‍ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. അതിനിടെ അക്രമികള്‍ വീടിനും തീയിട്ടു.

അതോടെ കുട്ടിയും സ്ത്രീകളും കരയാന്‍ തുടങ്ങി. കുട്ടിയുടെ കരച്ചില്‍ കേട്ട നടരേഷ് വീട്ടിനുള്ളിലേക്ക് ഓടിക്കയറി കുഞ്ഞിനെയുമെടുത്ത് പുറത്തേക്ക് ഓടി, പിന്നാലെ സ്ത്രീകളും ഓടി. അങ്ങനെ നാല് പേര്‍ക്കും ഭാഗ്യംകൊണ്ട് ജീവന്‍ തിരിച്ചുകിട്ടി.

കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് തീയിലൂടെ ഓടുന്ന നടരേഷിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി പേരാണ് നടരേഷിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് എത്തിയത്. എന്നാല്‍, താന്‍ തന്റെ കടമ മാത്രമാണ് നിര്‍വഹിച്ചതെന്ന് നടരേഷ് പറയുന്നു,

തീയില്‍നിന്നും കുഞ്ഞിനെ രക്ഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ കാണിച്ച ധീരതക്ക് ഗാലന്റി അവാര്‍ഡ് നല്‍കണമെന്ന ആവശ്യവും ശക്തമാകുകയാണ്. സ്വന്തം ജീവന്‍ മറന്ന് നാല് പേരുടെ ജീവന്‍ രക്ഷിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന് പ്രമോഷന്‍ ഉള്‍പ്പെടെ നല്‍കണമെന്നും സമൂഹമാധ്യമങ്ങളില്‍ ആവശ്യമുയരുന്നുണ്ട്. കലാപത്തെ തുടര്‍ന്ന് കരൗലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.


ഹിന്ദു കലണ്ടര്‍ പ്രകാരമുള്ള ആദ്യദിനമായ നവ സംവത്സറില്‍ മുസ്ലിം ആധിപത്യപ്രദേശത്തു കൂടി പോയ ബൈക്ക് റാലിയിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടയില്‍ നിരവധി വാഹനങ്ങള്‍ക്കും കടകള്‍ക്കും തീയിടുകയായിരുന്നു.

Exit mobile version