അനുവാദമില്ലാതെ ആംബുലന്‍സില്‍ കയറി രോഗിയെ പരിശോധിച്ചു : കഫീല്‍ ഖാനെതിരെ കേസ്

ലഖ്‌നൗ : ഡ്രൈവറുടെ സമ്മതമില്ലാതെ ആംബുലന്‍സില്‍ കയറി രോഗിയെ പരിശോധിച്ചുവെന്നാരോപിച്ച് സമാജ് വാദി പാര്‍ട്ടിയും എംഎല്‍സി സ്ഥാനാര്‍ഥിയുമായ ഡോ.കഫീല്‍ ഖാനെതിരെ കേസ്. സര്‍ക്കാര്‍ ജീവനക്കാരന്റെ ജോലി തടസ്സപ്പെടുത്തിയതാണ് കുറ്റം.

ഉത്തര്‍പ്രദേശിലെ ഡിയോറിയയിലാണ് കേസെടുത്തിരിക്കുന്നത്. ബാലുഹാനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡ്രൈവറായ പ്രകാശ് പട്ടേല്‍ കോട് വാലി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. മാര്‍ച്ച് 26ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്‌ക്കെത്തിയ സ്ത്രീയെ ഡിയോറിയയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇവരെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഇതിന് ശേഷം കഫീല്‍ സ്ഥലത്തെത്തി രോഗിയെ ഡ്രൈവറുടെ സമ്മതം കൂടാതെ പരിശോധിച്ചുവെന്നാണ് പരാതിയില്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ കേസ് രാഷ്ട്രീയ വൈരാഗ്യത്തോടെ കെട്ടിച്ചമച്ചതാണെന്നാണ് കഫീല്‍ അറിയിച്ചിരിക്കുന്നത്. ആംബുലന്‍സിനുള്ളില്‍ രോഗിയെ പരിശോധിക്കുന്നതിന്റെ വീഡിയോ കഫീല്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതില്‍ ആംബുലന്‍സിലെ ഓക്‌സിജന്‍ സിലിണ്ടര്‍ കാലിയാണെന്നും ആശുപത്രിയില്‍ അംബു ബാഗുകളും മറ്റ് ജീവന്‍ രക്ഷാ സംവിധാനങ്ങളും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. റോഡപകടത്തില്‍ പരിക്കേറ്റ തന്റെ അമ്മയെ പരിശോധിക്കണമെന്ന് ഒരു യുവാവ് പറഞ്ഞതനുസരിച്ചാണ് താന്‍ ആംബുലന്‍സിനുള്ളില്‍ കയറിയതെന്നും ആംബുലന്‍സിലും ആശുപത്രിയിലുമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചതിന്റെ പേരിലാണ് തനിയ്‌ക്കെതിരെ കേസെടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ കഫീല്‍ ഖാന്റെ ആരോപണങ്ങള്‍ തെറ്റാണെന്നാണ് ഡിയോറ അഡീഷണല്‍ മജിസ്‌ട്രേറ്റ് കുന്‍വാര്‍ പങ്കജ് സിങ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

2017ല്‍ ഗോരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഫീല്‍ഖാനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുകയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യം നേടി അധികനാള്‍ കഴിയും മുന്നേ ആണ് മറ്റൊരു കേസ്.

Exit mobile version