അവിടെ യുദ്ധ കാഹളം, ഇന്ത്യയുടെ മരുമകളായി യുക്രെയ്ന്‍ സ്വദേശിനി: അന്നയ്ക്കും അനുഭവിനും ഡല്‍ഹിയില്‍ പ്രണയസാഫല്യം

ന്യൂഡല്‍ഹി: റഷ്യ- യുക്രെയ്ന്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ യുക്രെയ്ന്‍ സ്വദേശിനിയ്ക്ക് ഇന്ത്യയില്‍ പ്രണയസാഫല്യം. യുക്രെനിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അന്ന ഹൊറോഡെറ്റ്‌സ്‌കയും ഡല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷകനായ അനുഭവ് ഭാഷിനുമാണ് ഇന്ത്യയില്‍ വെച്ച് വിവാഹിതരായത്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം ലളിതമായ ചടങ്ങായാണ് വിവാഹം നടത്തിയത്. സൗത്ത് ഡല്‍ഹിയില്‍ വെച്ചായിരുന്നു ചടങ്ങ്. യുദ്ധം ആരംഭിച്ചത് മുതല്‍ യുക്രെയ്‌നിലെ കീവിലുളള ഒരു ബങ്കറില്‍ കഴിഞ്ഞുവരികയായിരുന്നു അന്ന. എങ്ങനെയെങ്കിലും ഇന്ത്യയില്‍ എത്താനായിരുന്നു തീരുമാനം. തുടര്‍ന്ന് മാര്‍ച്ച് 17നാണ് അന്ന ഡല്‍ഹിയിലെത്തിയത്.

യുക്രൈനിലെ കീവില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു അന്ന. 2019ല്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെയാണ് അന്ന അനുഭവ് ഭാഷിനുമായി പരിചയത്തിലാകുന്നത്. പിന്നീട് പ്രണയത്തിലായ ഇരുവരും മാര്‍ച്ചില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ യുദ്ധം തടസ്സമാകുകയായിരുന്നു.

Read Also: വീണ്ടും ഷോ തുടങ്ങിയിട്ടുണ്ട്! പഴയ പരിപാടി തന്നെ, ഒരു സാധാ പ്ലാസ്റ്റിക് ചാക്ക് മാത്രം വെച്ചുള്ള കോപ്രായം: വാവാ സുരേഷിനെതിരെ വിമര്‍ശനം

റഷ്യ യുക്രെയ്‌നില്‍ അധിനിവേശം ആരംഭിച്ചതു മുതല്‍ തങ്ങള്‍ക്കിടയിലും യുദ്ധം
ആരംഭിച്ചിരുന്നുവെന്ന് തമാശയായി അന്ന പറഞ്ഞു. കീവ് വിടാന്‍ ആദ്യം അനുഭവ് നിര്‍ദേശിച്ചിരുന്നു എന്നാല്‍ റഷ്യ അധിനിവേശം നടത്തില്ലെന്നാണ് ഞാന്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് ട്രെയ്‌നില്‍ രക്ഷപ്പെടാനും അനുഭവ് നിര്‍ദേശിച്ചു അതും ഞാന്‍ കേട്ടില്ല. ഒടുവില്‍ ആക്രമണങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കെ ബങ്കറില്‍ നിന്ന് രക്ഷപ്പെടാനുളള എന്റെ തീരുമാനത്തെ അനുഭവ് എതിര്‍ത്തു. എന്നാല്‍ കാത്തിരിക്കൂ ഞാന്‍ ഇന്ത്യയിലേക്ക് വരുന്നുവെന്നാണ് ഞാന്‍ പറഞ്ഞത്.

ഡോളുകളുടെ അകമ്പടിയോടെയാണ് അനുഭവ് അന്നയെ വിമാനത്താവളത്തില്‍ വരവേറ്റത്. അപ്രതീക്ഷിത വരവേല്‍പ്പാണ് തനിക്ക് ലഭിച്ചത്. അനുഭവിന്റെ അമ്മ പൂക്കള്‍ നല്‍കി സ്വീകരിച്ചു. എല്ലാം വളരെ മനോഹരമായിരുന്നുവെന്നും അന്ന കൂട്ടിച്ചേര്‍ത്തു.

ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അന്ന വന്നിറങ്ങിയത്. ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ അന്നയെ സ്വാഗതം ചെയ്ത അനുഭവ് വീണ്ടുമൊരിക്കല്‍ കൂടി പ്രണയാര്‍ദ്രമായൊരു അഭ്യര്‍ത്ഥന നടത്തി, ‘Will you marry me?’ ദീര്‍ഘ യാത്ര കഴിഞ്ഞെത്തിയ അന്നയ്ക്ക് ‘യെസ്’ പറയാന്‍ അധികം സമയം ഒന്നും വേണ്ടി വന്നില്ല.

Exit mobile version