കശ്മീര്‍ ഫയല്‍സ് കണ്ടിറങ്ങുമ്പോള്‍ കാറിന് നേരെ ബോംബാക്രമണമുണ്ടായതായി ബിജെപി എംപി

കൊല്‍ക്കത്ത : ‘ദ കശ്മീര്‍ ഫയല്‍സ്’ കണ്ട് മടങ്ങുമ്പോള്‍ തന്റെ കാറിന് നേരെ ബോംബാക്രമണമുണ്ടായതായി ബംഗാളിലെ റാണാഘട്ടില്‍ നിന്നുള്ള ബിജെപി എംപി ജഗന്നാഥ് സര്‍ക്കാര്‍. ബംഗാളില്‍ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“കശ്മീര്‍ ഫയല്‍സ് സിനിമ കണ്ട് മടങ്ങുകയായിരുന്നു ഞാന്‍. ആ സമയമാണ് കാറിന് പിന്നില്‍ ആരോ ബോംബെറിഞ്ഞത്. കാര്‍ വേഗത്തിലോടിയതിനാല്‍ അപകടമുണ്ടായില്ല.

കഷ്ടിച്ചാണ് ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടത്. മമതാ ബാനര്‍ജിയുടെ ഭരണത്തില്‍ ബംഗാളില്‍ ആരും സുരക്ഷിതരല്ല. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം.” ജഗന്നാഥ് പറഞ്ഞു.

രാജ്യത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് മാര്‍ച്ച് 11ന് റിലീസ് ചെയ്ത ദ കശ്മീര്‍ ഫയല്‍സ്. കശ്മീരി പണ്ഡിറ്റുകളുടെ പലായനം ആസ്പദമാക്കിയുള്ള ചിത്രം ബിജെപി വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളില്‍ സിനിമയുടെ നികുതി വെട്ടിക്കുറയ്ക്കുകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സിനിമ കാണാന്‍ അവധി നല്‍കുകയും ചെയ്തിരുന്നു. വിവേക് അഗ്നിഹോത്രിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

Exit mobile version