ഉത്തരേന്ത്യക്കാർക്ക് ഉക്രൈനിൽ നിന്നുള്ള വിമാനത്തിൽ മുൻഗണന, തഴഞ്ഞെന്ന് മലയാളികളും തമിഴ്‌നാട്ടിലെ വിദ്യാർത്ഥികളും, മുഖ്യമന്ത്രിയെ പരാതി ബോധിപ്പിച്ചു

ചെന്നൈ: ഇന്ത്യയുടെ ഓപ്പറേഷൻ ഗംഗയിൽ അധികൃതർ പക്ഷപാതം കാണിച്ചെന്ന പരാതിയുമായി മലയാളികളും തമിഴ്‌നാട്ടുകാരും. ഉക്രൈനിൽ നിന്നും രക്ഷപ്പെട്ട് അയൽരാജ്യമായ പോളണ്ടിലെത്തി ഇന്ത്യയുടെ രക്ഷാദൗത്യത്തിനുള്ള വിമാനം കയറാനെത്തിയ വിദ്യാർത്ഥികളാണ് വിവേചനത്തിന് ഇരയായതായി പരാതിപ്പെട്ടിരിക്കുന്നത്.

ഉക്രൈനിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ തമിഴ്നാട്ടിൽ നിന്നുള്ള വിദ്യാർത്ഥികളാണ് രക്ഷാപ്രവർത്തനത്തിൽ പക്ഷപാതമുണ്ടായെന്ന ഗുരുതര ആരോപണമുന്നയിച്ചത്. ഇക്കാര്യം തങ്ങളെ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് വിദ്യാർത്ഥികൾ പറയുകയും ചെയ്തു.

ഉത്തരേന്ത്യൻ വിദ്യാർത്ഥികൾക്ക് വേണ്ടി ദക്ഷിണേന്ത്യൻ വിദ്യാർത്ഥികളെ തഴഞ്ഞെന്ന് തമിഴ്നാട്ടിൽ നിന്നുള്ള വിദ്യാർത്ഥികൾ പറഞ്ഞു. കേരളത്തിൽ നിന്നുള്ളവരെ കൊണ്ടുപോകുന്നതിന് വേണ്ടി നിശ്ചയിച്ച വിമാനം അവസാനനിമിഷം റദ്ദാക്കിയത് വലിയ പ്രതിഷേധത്തിനിടയാക്കിയെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു.

പതിനഞ്ചോളം മലയാളി വിദ്യാർത്ഥികൾക്ക് വേണ്ടി നിശ്ചയിച്ച ഫ്ളൈറ്റ് റദ്ദാക്കുകയും പിന്നീട് ഉത്തരേന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രത്യേക ഫ്ളൈറ്റ് അനുവദിച്ചെന്നും തമിഴ്നാട്ടിൽ നിന്നുള്ള വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി.

also read- കുഞ്ഞുമകനുമായി ഇന്ത്യയിലേക്ക് പോകൂ എന്ന് ഭാര്യ, നിങ്ങളില്ലെങ്കില്‍ ഞാനും പോകില്ലെന്ന് നതാലിയ: യുദ്ധഭൂമിയില്‍ മകനെയും പ്രിയതമയെയും കൈവിടില്ലെന്ന് ദിപാന്‍ഷു

ആദ്യം ഉക്രൈൻ അതിർത്തി കടന്നെത്തുന്നവർക്ക് ഒഴിപ്പിക്കൽ നടപടിയിൽ മുൻഗണന കൊടുക്കണമെന്ന കർശന നയം നിലനിൽക്കുന്നുണ്ട്. അതിനിടെയാണ് കേരളവും തമിഴ്നാടും ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളോട് അധികാരികൾ കടുത്ത വേർതിരിവ് കാണിച്ചതായി ആരോപണം ഉയർന്നിരിക്കുന്നത്.

തങ്ങളുടെ പേര്് ഫ്ളൈറ്റ് ലിസ്റ്റിൽ നിന്നും അവസാന നിമിഷം ഒഴിവാക്കപ്പെട്ടുവെന്നും 24 മുതൽ 48 മണിക്കൂർ വരെ വിമാനത്തിനായി കാത്തിരിക്കേണ്ടി വന്നെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു.

Exit mobile version