പ്രസിഡന്റിന്റെ അംഗരക്ഷകരാകാന്‍ മൂന്ന് ജാതിയില്‍പ്പെട്ടവര്‍ക്ക് മാത്രമേ അനുമതിയൊള്ളൂ..? കേന്ദ്രത്തോട് വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി

അഹിര്‍/യാദവ് വിഭാഗമായതിനാല്‍ തന്നെ പരിഗണിച്ചില്ലെന്നുമാണ് ഗൗരവിന്റെ വാദം.

ന്യൂഡല്‍ഹി: പ്രസിഡന്റിന്റെ അംഗരക്ഷകാരാകാന്‍ മൂന്ന് ജാതി വിഭാഗങ്ങള്‍ക്ക് മാത്രമെ സാധിക്കുകയുള്ളൂവെന്ന് ആരാഞ്ഞ് സമര്‍പ്പിച്ച ഹര്‍ദജിയില്‍ കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി. മൂന്ന് ജാതി വിഭാഗങ്ങളെ മാത്രമെ പ്രഥമ പൗരന്റെ അംഗരക്ഷകരെ തെരഞ്ഞെടുക്കാനുള്ള റിക്രൂട്ട്‌മെന്റില്‍ പരിഗണിച്ചുള്ളുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എസ് മുരളീധര്‍, സഞ്ജീവ് നാരുള്ള എന്നിവര്‍ കേന്ദ്ര പ്രതിരോധ വകുപ്പ്, ചീഫ് ഓഫ് ആര്‍മി സ്റ്റാഫ്, പ്രസിഡന്റിന്റെ ബോഡിഗാര്‍ഡ് കമാന്റന്റ്, ആര്‍മി റിക്രൂട്ട്‌മെന്റ് ഡയറക്ടര്‍ എന്നിവര്‍ക്ക് നോട്ടീസ് അയക്കുകയായിരുന്നു. നാലാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കോടതി വ്യക്തമാക്കി.

ഹരിയാന സ്വദേശിയായ ഗൗരവ് യാദവ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. റിക്രൂട്ട്‌മെന്റ് നടത്തിയപ്പോള്‍ ജാട്ട്, രജപുത്, ജാട്ട് സിഖ് എന്നീ വിഭാഗങ്ങളില്‍ പെടുന്നവരെ മാത്രമാണ് ക്ഷണിച്ചതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. റിക്രൂട്ട്‌മെന്റിനുള്ള മറ്റ് യോഗ്യതകളെല്ലാം തനിക്കുണ്ടായിരുന്നെന്നും എന്നാല്‍, അഹിര്‍/യാദവ് വിഭാഗമായതിനാല്‍ തന്നെ പരിഗണിച്ചില്ലെന്നുമാണ് ഗൗരവിന്റെ വാദം.

Exit mobile version