‘വികാരം വ്രണപ്പെടുന്നുണ്ടെങ്കില്‍ മറ്റെന്തെങ്കിലും വായിക്കൂ’: സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകം നിരോധിക്കണമെന്നുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകം നിരോധിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പുസ്തകം ഇഷ്ടപ്പെടാത്തതിന്റെ പേരില്‍ നിരോധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പുസ്തകം കൊണ്ട് ആര്‍ക്കെങ്കിലും വികാരം വ്രണപ്പെടുന്നുണ്ടെങ്കില്‍ മറ്റെന്തെങ്കിലും വായിക്കൂ എന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് യശ്വന്ത് വര്‍മ പറഞ്ഞു.

‘സണ്‍റൈസ് ഓവര്‍ അയോധ്യ: നാഷണ്‍ഹുഡ് ഇന്‍ ഔര്‍ ടൈംസ്’ എന്ന പുസ്തകത്തിനെതിരെയുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. പുസ്തകത്തില്‍ ജിഹാദി തീവ്രവാദ സംഘടനകളെ പോലെയാണ് ഹിന്ദുത്വ സംഘടനകളും എന്ന പരാമര്‍ശമാണ് വിവാദത്തിന് കാരണമായത്.

ഹിന്ദുത്വയെ ഐഎസിനോടും ബോകോ ഹറമിനോടും ഉപമിക്കുന്ന പുസ്തകത്തിനെതിരെ നേരത്തെ സംഘ്പരിവാര്‍ രംഗത്തെത്തിയിരുന്നു. ‘നിങ്ങളെന്തു കൊണ്ടാണ് ആളുകളോട് അത് വാങ്ങാതിരിക്കാനും വായിക്കാതിരിക്കാനും ആവശ്യപ്പെടാത്തത്. മോശമായി എഴുതിയ പുസ്തകമാണത് എന്ന് എല്ലാവരോടും പറയൂ. നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ട് എങ്കില്‍ അതിലും മികച്ച മറ്റെന്തെങ്കിലും നിങ്ങള്‍ക്ക് വായിക്കാം’ – കോടതി ഹര്‍ജിക്കാരനോട് പറഞ്ഞു.

അഭിഭാഷകനായ രാജ് കിഷോര്‍ ചൗധരിയാണ് പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ദ സഫ്റോണ്‍ സ്‌കൈ എന്ന അധ്യായത്തിലെ ചില ഭാഗങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ‘സന്യാസികളുടെയും ഋഷിമാരുടെയും സനാതന ധര്‍മ്മവും ക്ലാസിക്കല്‍ ഹിന്ദുയിസവും ഹിന്ദുത്വം അരികിലേക്കു തള്ളി മാറ്റി. ജിഹാദിസ്റ്റ് ഇസ്ലാം സംഘങ്ങളായ ഐഎസ്ഐഎസ്, ബോകോ ഹറം എന്നിവ പോലെയുള്ള രാഷ്ട്രീയപ്പതിപ്പാണ് ഹിന്ദുത്വം.’ – എന്നാണ് അധ്യായത്തില്‍ പറയുന്നത്. ഇത് ഹിന്ദു മതവിശ്വാസികളുടെ വികാരം വ്രണപ്പെടുന്ന ഭാഗമാണ് എന്നായിരുന്നു അഭിഭാഷകന്റെ വാദം.

Exit mobile version