തൊഴില്‍ നിയമം കര്‍ശനമാക്കാന്‍ തീരുമാനം; ‘ ജീവനക്കാരെ എട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിപ്പിക്കരുത്’; നിയമം നടപ്പിലാക്കാത്തവര്‍ക്ക് പത്ത് ലക്ഷം രൂപ പിഴ

സംഘടിത മേഖലയെന്നോ അസംഘടിത മേഖലയെന്നോ വ്യത്യാസമില്ലാതെ, സര്‍ക്കാരിന്റെ അംഗീകാരമുണ്ടോ ഇല്ലയോ എന്ന കാര്യം പരിഗണിക്കാതെ തന്നെ ഇത് നടപ്പിലാക്കണം എന്നാണ് സമിതിയുടെ ഉത്തരവ്.

ന്യൂഡല്‍ഹി; എല്ലാ മേഖലകളിലും തൊഴിലാളികള്‍ക്ക് മിനിമം വേതനം നടപ്പിലാക്കണം എന്ന് തൊഴില്‍ സ്ഥിരം സമിതിയുടെ നിര്‍ദേശം. സംഘടിത മേഖലയെന്നോ അസംഘടിത മേഖലയെന്നോ വ്യത്യാസമില്ലാതെ, സര്‍ക്കാരിന്റെ അംഗീകാരമുണ്ടോ ഇല്ലയോ എന്ന കാര്യം പരിഗണിക്കാതെ തന്നെ ഇത് നടപ്പിലാക്കണം എന്നാണ് സമിതിയുടെ ഉത്തരവ്.

അതേസമയം, മിനിമം വേതനം നടപ്പിലാക്കാത്തവര്‍ക്ക് പത്ത് ലക്ഷം രൂപ വരെ പിഴ ഇടാക്കാനും സമിതി നിര്‍ദേശിക്കുന്നുണ്ട്. അടിയന്തര പ്രാധാന്യമുള്ള ജോലികള്‍ ഉണ്ടെങ്കില്‍ പോലും ജീവനക്കാരെ എട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കരുത് എന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്.

അനുഭവ പരിചയം ഉള്ളവര്‍ക്കും പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്കും ഒരേ വേതനം നല്‍കാന്‍ പാടില്ല. അനുഭവ പരിചയത്തെ പ്രത്യേകമായി പരിഗണിക്കണം. മിനിമം വേതനം എല്ലാ അഞ്ച് വര്‍ഷത്തിലും പരിഷ്‌കരിക്കണം എന്നും സമിതി നിര്‍ദേശിക്കുന്നുണ്ട്.

മിനിമം കൂലി എന്നത് ജീവനക്കാരുടെ നിയമപരമായ അവകാശമാക്കണം എന്നും വേതനം സംബന്ധിച്ച ചട്ടം നിര്‍ദേശിക്കുന്നുണ്ട്. വ്യത്യസ്ത മേഖലകളിലെ മിനിമം വേതനം സംബന്ധിച്ച അളവുകോല്‍ നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ ചട്ടത്തില്‍ ചുമതലപ്പെടുത്തുന്നും ഉണ്ട്.

പാര്‍ലമെന്റിന്റെ തൊഴില്‍ സ്ഥിരം സമിതി രൂപീകരിച്ച ചട്ടം അടുത്ത മന്ത്രിസഭ യോഗത്തില്‍ അംഗീകരിക്കപ്പെടും എന്നാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നത്. തുടര്‍ന്ന്, വളരെ പെട്ടെന്ന് തന്നെ ഇത് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വക്കുകയും ചെയ്യും.

Exit mobile version