ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു

മുംബൈ : ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു. മുംബൈ ബ്രീച്ച് കാന്‍ഡ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു.

ഇക്കഴിഞ്ഞ ജനുവരി പതിനൊന്നിനാണ് ലതയെ കോവിഡ് ബാധയെത്തുടര്‍ന്ന് ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡിനെക്കൂടാതെ ന്യൂമോണിയയും സ്ഥിരീകരിച്ചിരുന്നു. പത്ത് ദിവസത്തിന് ശേഷം കോവിഡ് ഐസിയുവില്‍ നിന്നും സാധാരണ ഐസിയുവിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും വഷളായതിനെത്തുടര്‍ന്ന് ഇന്നലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.

1929ല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ലതാ മങ്കേഷ്കറിന്റെ ജനനം.മറാത്തി നാടകരംഗത്ത് അറിയപ്പെടുന്ന കലാകാരനായിരുന്നു ലതയുടെ അച്ഛന്‍ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കര്‍. അച്ഛനില്‍ നിന്നായിരുന്നു സംഗീതത്തിന്റെ ബാലപാഠങ്ങള്‍ ലത അഭ്യസിച്ചത്. അഞ്ചാം വയസ്സില്‍ അച്ഛന്റെ സംഗീതനാടകങ്ങളിലൂടെ ലത അരങ്ങിലെത്തി. ലതയുടെ പതിമൂന്നാം വയസ്സില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് ദീനനാഥ് അന്തരിച്ചു. കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്ന ലതയ്ക്ക് ചലച്ചിത്ര രംഗത്തേക്ക് വഴിയൊരുക്കിയത് നവ് യുഗ് ചിത്രപഥ് മൂവി കമ്പനി ഉടമയും മങ്കേഷ്‌കര്‍ കുടുംബത്തിന്റെ അടുത്ത സുഹൃത്തുമായ വിനായക് ദാമോദര്‍ കര്‍ണാടകി ആയിരുന്നു.

നവ് യുഗ് ചിത്രപഥിന്റെ സിനിമയില്‍ ഒരു ചെറിയ വേഷത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് ലത കാലെടുത്ത് വയ്ക്കുന്നത്. 1942ല്‍ 13മത്തെ വയസില്‍ കിടി ഹസാല്‍ എന്ന മറാത്തി ചിത്രത്തിലൂടെ പാടിത്തുടങ്ങി. തൊട്ടടുത്ത വര്‍ഷം ഇറങ്ങിയ ഗജാബാഹൂവിലെ മാതാ ഏക് സപൂത് കി ആണ് ആദ്യമിറങ്ങിയ ഗാനം. എന്നാല്‍ ലതാജിയിലെ ഗായികയെ അടയാളപ്പെടുത്തിയത് മജ്ബൂറിലെ ദില്‍ മേരാ ദോഡായാണ്. മഹലില്‍ മധുബാലക്ക് വേണ്ടി പാടിയ ആയേഗാ ആനേവാലയാണ് ഹിറ്റ് ചാര്‍ട്ടില്‍ ആദ്യത്തേത്.

പിന്നീട്‌ വിവിധ ഭാഷകളിലായി മുപ്പതിനായിരത്തിലേറെ ​ഗാനങ്ങള്‍ ആലപിച്ചു. പരമോന്നത ബഹുമതിയായ ഭാരത് രത്‌ന ഉള്‍പ്പടെ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. എംഎസ് സുബ്ബലക്ഷ്മിയ്ക്ക് ശേഷം ഭാരതരത്‌നം ലഭിക്കുന്ന സംജീതജ്ഞയാണ് ലത. ഇത് കൂടാതെ പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ തുടങ്ങിയ ബഹുമതികളും ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരവും ലതാജിയെ തേടിയെത്തി. ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. 1999ല്‍ രാജ്യസഭാംഗമായി.

ഏതാനും ഗാനങ്ങള്‍ക്ക് സംഗീത സംവിധാനവും ലത മങ്കേഷ്‌കര്‍ നിര്‍വഹിച്ചിട്ടുണ്ട്. നാല് ചിത്രങ്ങളുടെ നിര്‍മാണവും ഏറ്റെടുത്തു. ഫോട്ടോഗ്രഫി, ക്രിക്കറ്റ്, വായന എന്നിവയായിരുന്നു പാട്ട് കൂടാതെ ലതാജിയുടെ ഇഷ്ടങ്ങള്‍.

Exit mobile version