ലോകത്തിലെ ഏറ്റവും വലിയ ലോഹ പ്രതിമ: 216 അടി ഉയരത്തില്‍ രാമാനുജാചാര്യയുടെ ‘സമത്വത്തിന്റെ പ്രതിമ’: രാഷ്ട്രത്തിന് സമര്‍പ്പിച്ച പ്രധാനമന്ത്രി

ഹൈദരാബാദ്: 11ാം നൂറ്റാണ്ടിലെ ഭക്ത സന്യാസിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ശ്രീ രാമാനുജാചാര്യയുടെ ‘സമത്വത്തിന്റെ പ്രതിമ’ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

216 അടി ഉയരമുള്ള രാമാനുജാചാര്യയുടെ പഞ്ചലോഹ പ്രതിമയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അനാച്ഛാദനം ചെയ്തത്. രാമാനുജാചാര്യയുടെ അറിവും ആശയങ്ങളും രാജ്യത്തിന് മാര്‍ഗദര്‍ശിയാണെന്നും, സമത്വത്തിന്റെ പ്രതിമ യുവാക്കള്‍ക്ക് പ്രചോദനം ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. വിശ്വാസം, ജാതി, മതം എന്നിവയുള്‍പ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമത്വം എന്ന ആശയം പ്രോത്സാഹിപ്പിച്ച രാമാനുജാചാര്യയെ സ്മരിക്കുന്നതാണ് സമത്വ പ്രതിമയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Read Also; ഒന്നു കണ്ട് സംസാരിക്കണം എന്ന് വാവാ സുരേഷ്, മിനിറ്റുകള്‍ക്കുള്ളില്‍ ഓടിയെത്തി മന്ത്രി വിഎന്‍ വാസവന്‍

പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന, ഭക്തി പ്രസ്ഥാനത്തിന്റെ പതാക വാഹകനായിരുന്ന രാമാനുജാചാര്യയുടെ കൂറ്റന്‍ പ്രതിമയാണിത്. പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച 216 അടി ഉയരമുള്ള പ്രതിമ, 54 അടി ഉയരമുള്ള ഭദ്ര വേദിയെന്ന വേദ ലൈബ്രറി കെട്ടിടത്തിന്റെ മുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ചുറ്റുമായി 108 ക്ഷേത്രങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ജാതി- മത ഭേദമില്ലാതെ സമസ്ത മേഖലകളിലും സമത്വം എന്ന ആശയം പ്രചരിപ്പിച്ചിരുന്ന രാമാനുജാചാര്യനോടുള്ള ആദരസൂചകമായാണ് പ്രതിമയ്ക്ക് സമത്വത്തിന്റെ പ്രതിമ എന്ന പേര് നല്‍കിയത്.


ഹൈദരാബാദിലെ ഷംഷാബാദില്‍ 45 ഏക്കര്‍ വരുന്ന കെട്ടിടസമുച്ചയത്തില്‍ ‘പഞ്ചലോഹം’ കൊണ്ടാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. ഇരിക്കുന്ന സ്ഥിതിയിലുള്ള ലോകത്തെ ഏറ്റവും വലിയ ലോഹ പ്രതിമകളില്‍ ഒന്നാണിത്.

‘ഭദ്ര വേദി’ എന്ന് പേരിട്ടിരിക്കുന്ന 54 അടി ഉയരമുള്ള അടിത്തറയുള്ള കെട്ടിടത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ശ്രീരാമാനുജാചാര്യയുടെ 1000-ാം ജന്മവാര്‍ഷിക ആഘോഷമായ 12 ദിവസത്തെ ശ്രീരാമാനുജ സഹസ്രാബ്ദി സമാരോഹത്തിന്റെ ഭാഗമായാണ് സമത്വ പ്രതിമയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

Exit mobile version