“മുംബൈയില്‍ മൂന്ന് ശതമാനം വിവാഹമോചനങ്ങളും നടക്കുന്നത് ഗതാഗതക്കുരുക്ക് കാരണം” : അമൃത ഫഡ്‌നാവിസിനെ ട്രോളി ട്വിറ്റര്‍

മുംബൈ : മുംബൈയില്‍ മൂന്ന് ശതമാനം വിവാഹമോചനങ്ങളും നടക്കുന്നത് ഗതാഗതക്കുരുക്ക് മൂലമെന്ന മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനം. കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ അഭിപ്രായപ്രകടനത്തിന് വേറെ കുഴപ്പമൊന്നുമില്ല, അല്പം ലോജിക്കിന്റെ കുറവേ ഉള്ളുവെന്നാണ് പലരുടെയും അഭിപ്രായം.

ഗതാഗതക്കുരുക്ക് മൂലം പല ഭര്‍ത്താക്കന്മാര്‍ക്കും വീടുകളില്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നില്ലെന്നും ഇത് വിവാഹമോചനങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നുമായിരുന്നു അമൃതയുടെ പ്രസ്താവന. ഒരു സ്ത്രീ എന്ന നിലയിലാണ് സംസാരിക്കുന്നതെന്നും ഗതാഗതക്കുരുക്കുകളും റോഡിലെ കുഴികളും എങ്ങനെ ബുദ്ധിമുട്ടിക്കുന്നുവെന്ന് അനുഭവിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

ഇതിന്റെ വീഡിയോ വലിയ രീതിയില്‍ പ്രചരിക്കപ്പെട്ടതോടെ പ്രസ്താവനയ്‌ക്കെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയരുകയാണ്.ഏറ്റവും മികച്ച (ഇല്‍)ലോജിക്കിനുള്ള അവാര്‍ഡ് മുംബൈയിലെ മൂന്ന് ശതമാനം ജനങ്ങള്‍ വിവാഹമോചനം നേടുന്നത് ഗതാഗതക്കുരുക്ക് കൊണ്ടാണെന്ന് അഭിപ്രായപ്പെട്ട സ്ത്രീക്ക് നല്‍കണമെന്നും തങ്ങളുടെ വിവാഹജീവിതത്തെ പ്രസ്താവന കാര്യമായി ബാധിച്ചേക്കാം എന്നതിനാല്‍ ബെംഗളുരുവിലെ ജനങ്ങള്‍ ഇത് വായിക്കരുതെന്നും ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി ട്വിറ്ററില്‍ പരിഹസിച്ചു.

വീഡിയോ പങ്കുവെച്ചും മീമുകള്‍ ഉണ്ടാക്കിയും അമൃതയുടെ പ്രസ്താവനയെ വലിയ രീതിയില്‍ ‘ട്രോളുകയാണ്‌’ ട്വിറ്റര്‍.

Exit mobile version