ഇന്ത്യയില്‍ കോവിഡ് ജനുവരി അവസാനത്തോടെ ഉയരുകയും ഫെബ്രുവരിയോടെ കുറയുകയും ചെയ്യുമെന്ന് ഭ്രമര്‍ മുഖര്‍ജി

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ജനുവരി അവസാനത്തോടെ കോവിഡ് കേസുകള്‍ കുത്തനെ ഉയരുമെന്ന് മിഷിഗണ്‍ സര്‍വകലാശാലയിലെ എപിഡെമിയോളജിസ്റ്റ് പ്രൊഫ.ഭ്രമര്‍ മുഖര്‍ജി. എന്നാല്‍ അതിനടുത്ത ഏഴോ പത്തോ ദിവസത്തിനുള്ളില്‍ രോഗവ്യാപനത്തില്‍ കുറവുണ്ടാകുമെന്നും ഫെബ്രുവരിയോടെ കേസുകള്‍ കുറഞ്ഞ് തുടങ്ങുമെന്നും ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭ്രമര്‍ അറിയിച്ചു.

“അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ മറ്റ് ചില സംസ്ഥാനങ്ങളില്‍ കൂടി കോവിഡ് കേസുകള്‍ ഉയര്‍ന്നേക്കാം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് എല്ലായ്‌പ്പോഴും അങ്ങനെയാണ്. വാക്‌സിനേഷനാണ് പ്രധാനം. നിരവധി ആളുകളെ രോഗം ബാധിച്ചിട്ടുണ്ട്. പക്ഷേ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ആശുപത്രിയില്‍ പോകേണ്ടി വന്നിട്ടുള്ളൂ. കുത്തിവയ്പ്പിലൂടെ പ്രതിരോധകാര്യത്തില്‍ കാര്യമായ മാറ്റം വന്നതിനാല്‍ ഇപ്പോള്‍ സ്ഥിതി രണ്ടാം തരംഗത്തില്‍ നിന്ന് വ്യത്യസ്തമാണ്. മറ്റ് രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഒമിക്രോണ്‍ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഭൂരിഭാഗവും വാക്‌സീന്‍ എടുക്കാത്തവരാണ്.” ഭ്രമര്‍ പറഞ്ഞു.

“ഫെബ്രുവരിയോടെ തരംഗം അവസാനിക്കുമെന്നാണ് വിശ്വസിക്കുന്നത്. എല്ലാ അനുമാനങ്ങളും മനുഷ്യന്റെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുന്നു. ഗംഗാസാഗര്‍ പോലൊരു പരിപാടിയുടെ അനന്തരഫലം എന്താവുമെന്നറിയില്ല. എങ്കിലും കണക്കുകളും സ്ഥിതിവിവരങ്ങളും സൂചിപ്പിക്കുന്നത് കോവിഡ് തരംഗം ജനുവരിയോടെ ഉയര്‍ന്ന് ഫെബ്രുവരിയോടെ അവസാനിക്കുമെന്നാണ്.” അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം രണ്ട് ലക്ഷത്തിനടുത്താണ് നിലവില്‍ ഇന്ത്യയില്‍ പ്രതിദിന കോവിഡ് കണക്ക്. വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ ഗണ്യമായി ഉയരുമെന്ന് ദേശീയ സാങ്കേതിക ഉപദേശക സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒമിക്രോണ്‍ കേസുകളും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

Exit mobile version