രാജ്യത്തെ വൈദ്യുത മീറ്ററുകള്‍ പ്രീ-പെയ്ഡ് ആകുന്നു; പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

പ്രീ-പെയ്ഡ് സിം കാര്‍ഡ് പോലെ ആവശ്യാനുസരണം റീച്ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന സംവിധാനം അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ നടപ്പിലാക്കാനാണ് സര്‍ക്കാറിന്റെ നീക്കം

ന്യൂഡല്‍ഹി : രാജ്യത്തെ വൈദ്യുത മീറ്ററുകള്‍ പ്രീ-പെയ്ഡ് വൈദ്യുത മീറ്ററുകളാക്കാനൊരുങ്ങി കേന്ദ്രം. പ്രീ-പെയ്ഡ് സിം കാര്‍ഡ് പോലെ ആവശ്യാനുസരണം റീച്ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന സംവിധാനം അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ നടപ്പിലാക്കാനാണ് സര്‍ക്കാറിന്റെ നീക്കം. മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ മീറ്ററുകളും പ്രീ-പെയ്ഡ് ആക്കാനാണ് തീരുമാനം.

വൈദ്യുത മീറ്റര്‍ പ്രീ-പെയ്ഡ് ആക്കിയാല്‍ മാസം തോറും നിശ്ചിത തുക നല്‍കേണ്ടി വരില്ല. പകരം വൈദ്യുതി ഉപയോഗിച്ച ദിവസങ്ങള്‍ക്കോ മണിക്കൂറുകള്‍ക്കോ ഉള്ള നിരക്ക് മാത്രം നല്‍കിയാല്‍ മതിയാകും. ദരിദ്രരായ ഉപഭോക്താക്കള്‍ക്ക് ഇത് വഴി സാമ്പത്തികലാഭം ഉണ്ടാകുമെന്നാണ് സര്‍ക്കാറിന്റെ വാദം. വൈദ്യുത നിരക്ക് സംബന്ധിച്ച പരാതികളും, ബില്ലുകള്‍ കൃത്യമായി വിതരണം ചെയ്യാനുള്ള തടസവുമെല്ലാം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ പുതിയ നീക്കം. പ്രീ-പെയ്ഡ് വൈദ്യുത മീറ്ററുകളെ സംബന്ധിച്ച ഔദ്യോഗിക നിര്‍ദേശം വൈകാതെ തന്നെ എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കുമെന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി ആര്‍കെ സിംഗ് വ്യക്തമാക്കി.

അതേ സമയം വൈദ്യുത മീറ്റര്‍ പ്രീ-പെയ്ഡ് ആക്കിയാലും സബ്‌സിഡിയില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയില്ല. സംസ്ഥാന സര്‍ക്കാരിന് സബ്‌സിഡി തുക സംബന്ധിച്ച് തീരുമാനങ്ങളെടുക്കാം. സബ്‌സിഡി തുക സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ വൈദ്യുതി കമ്പനികള്‍ക്ക് നല്‍കുകയും വേണം.

Exit mobile version