രാത്രി കര്‍ഫ്യൂ, പകല്‍ ലക്ഷങ്ങളെ പങ്കെടുപ്പിച്ച് റാലി : യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് വരുണ്‍ ഗാന്ധി

ന്യൂഡല്‍ഹി : യുപി സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് ബിജെപി എംപി വരുണ്‍ ഗാന്ധി. രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി പകല്‍ ലക്ഷങ്ങളെ പങ്കെടുപ്പിച്ച് റാലി നടത്തുന്നത് സാധാരണക്കാരുടെ യുക്തിക്ക് നിരക്കുന്നതിനും അപ്പുറമാണെന്നാണ് വരുണ്‍ ഗാന്ധി തുറന്നടിച്ചത്.

ഉത്തര്‍പ്രദേശിന്റെ പരിമിതമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഭയാനകമായ ഒമിക്രോണ്‍ വ്യാപനം തടയുന്നതിനാണോ അതോ തിരഞ്ഞെടുപ്പ് ശക്തി പ്രകടനത്തിനാണോ മുന്‍ഗണന നല്‍കേണ്ടതെന്ന് സത്യസന്ധമായി തീരുമാനിക്കണമെന്ന് വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന് രാത്രി പതിനൊന്ന് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ സംസ്ഥാനത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു. കൂടാതെ വിവാഹം പോലുള്ള ആഘോഷങ്ങള്‍ക്ക് ഇരുന്നൂറ് പേരിലധികം പങ്കെടുക്കാന്‍ പാടില്ലെന്നും പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കര്‍ശന നിര്‍ദേശവും വെച്ചു.

എന്നാല്‍ ഇതിന് നേരെ വിപരീതമായാണ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ സംസ്ഥാനത്ത് നടക്കുന്നത്. ആളുകള്‍ കൂടുതലുണ്ടാകാന്‍ സാധ്യതയുള്ള പകല്‍ സമയത്താണ് കോവിഡ് വ്യാപനം രാത്രിയിലേതിനേക്കാള്‍ കൂടുതലുണ്ടാകാന്‍ സാധ്യതയെന്നും അതിനാല്‍ ഈ സമയത്തെ കൂടിച്ചേരലുകള്‍ക്കാണ് നിയന്ത്രണം ഉണ്ടാകേണ്ടതെന്നും വരുണ്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Exit mobile version