സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം സസ്യാഹാരം മാത്രമാക്കണം; മുട്ട ഒഴിവാക്കണമെന്ന് ഓള്‍ ഇന്ത്യ വെജിറ്റേറിയന്‍സ് ഫെഡറേഷന്‍

ബംഗളൂരു: സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം സസ്യാഹാരം മാത്രമാക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ വെജിറ്റേറിയന്‍സ് ഫെഡറേഷന്‍ (എ.ഐ.വി.എഫ്) രംഗത്ത്.
ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് എ.ഐ.വി.എഫ് പ്രതിഷേധവുമായി എത്തിയത്.

സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തില്‍ മുട്ട നല്‍കുന്നതിന് പകരം മള്‍ട്ടിവിറ്റാമിന്‍ ഉള്ള സസ്യാഹാര ഭക്ഷണം നല്‍കണമെന്നാണ് എഐവിഎഫിന്റെ ആവശ്യം. ലിംഗായത്ത്, ജൈനര്‍, ബ്രാഹ്‌മണര്‍ തുടങ്ങിയ വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവരാണ് ഉച്ചഭക്ഷണത്തില്‍ നിന്ന് മുട്ട പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് സസ്യാഹാരത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി സസ്യാഹാര അങ്കണവാടികളും സ്‌കൂളുകളും സ്ഥാപിക്കണമെന്നും ഇവര്‍ പറയുന്നു.

അതേസമയം, ഉച്ചഭക്ഷണത്തില്‍ നിന്ന് മുട്ട ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തുവന്നിരുന്നു. സംസ്ഥാനത്ത് ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് പോഷാകാഹാരക്കുറവുണ്ട് എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഏഴു ജില്ലകളില്‍ കുട്ടികള്‍ക്ക് മുട്ട വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Exit mobile version