ഒമിക്രോണ്‍ : വാക്‌സീനെടുക്കാത്തവര്‍ക്ക് ഹോട്ടലുകളിലും മാളുകളിലും പ്രവേശനമില്ലെന്ന് മധുര ഭരണകൂടം

മധുര : തമിഴ്‌നാട്ടിലെ മധുരയില്‍ വാക്‌സീനെടുക്കാത്തവരെ ഹോട്ടലുകളിലും മാളുകളിലും പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ ഭരണകൂടം.ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ വാക്‌സീനെടുക്കാത്ത പക്ഷം പൊതുസ്ഥലങ്ങളിലും വാണിജ്യസ്ഥാപനങ്ങളിലുമടക്കം പ്രവേശിക്കുന്നത് കര്‍ശനമായി വിലക്കുമെന്നും ഒരു ഡോസ് വാക്‌സീനെങ്കിലും എടുക്കാന്‍ ഒരാഴ്ചത്തെ സമയം ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അനീഷ് ശേഖര്‍ അറിയിച്ചു.

അടുത്തയാഴ്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം. 711 പുതിയ കേസുകളാണ് തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 27,29,061 ആയി. വെള്ളിയാഴ്ച ഒമ്പത് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ചെന്നൈയിലും കോയമ്പത്തൂരിലുമാണ് സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ രേഖപ്പെടുത്തുന്നത്.

രാജ്യത്താദ്യമായി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച കര്‍ണാടകയിലും സമാന രീതിയിലാണ് നിയന്ത്രണങ്ങള്‍.ഇവിടെയും രണ്ട് ഡോസ് വാക്‌സീനുമെടുക്കാതെ ജനങ്ങള്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് അനുവാദമില്ല.

Exit mobile version