40 രൂപ നിലത്തിട്ട് 40ലക്ഷം രൂപ കവര്‍ന്നു! അമ്പരപ്പിക്കുന്ന മോഷണം സിസിടിവിയില്‍; പിന്നില്‍ തക് തക് സംഘം; വീഡിയോ

പട്ടാപ്പകല്‍ 40 ലക്ഷം വാഹനത്തില്‍ നിന്നും കൊള്ളയടിച്ചിരിക്കുകയാണ് രാജ്യതലസ്ഥാനത്ത്.

ന്യൂഡല്‍ഹി: 40 രൂപ നിലത്തിട്ട് പട്ടാപ്പകല്‍ 40 ലക്ഷം വാഹനത്തില്‍ നിന്നും കൊള്ളയടിച്ചിരിക്കുകയാണ് രാജ്യതലസ്ഥാനത്ത്. ഡല്‍ഹിയില്‍ വാഹനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന തക് തക് എന്ന മോഷണ സംഘമാണ് ഇതിനു പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഡ്രൈവറുടെ ശ്രദ്ധ തിരിച്ചതിനു ശേഷം വാഹനത്തിനുള്ളിലെ വിലയുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയാണ് ഇവരുടെ പതിവ്.

ട്രാഫിക് സിഗ്‌നലുകളില്‍ വെച്ച് വാഹനത്തിന്റെ ചില്ലില്‍ ഇടിച്ച് ശ്രദ്ധ തിരിച്ചാണ് മോഷണങ്ങളില്‍ മിക്കവയും നടത്താറ്. കഴിഞ്ഞ ദിവസം 40 രൂപ നിലത്തിട്ട് ഇവര്‍ മോഷ്ടിച്ചത് 40 ലക്ഷം രൂപയാണ്. ഡല്‍ഹിയിലെ സൗത്ത് എക്‌സ്റ്റെന്‍ഷന്‍ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. കാന്‍പൂരില്‍ നിന്നെത്തിയ കുടുംബത്തിന്റെ പണമാണ് നഷ്ടപ്പെട്ടത്.

ആഭരണങ്ങള്‍ വാങ്ങാന്‍ എത്തിയ കുടുംബം പണം കാറില്‍ വെച്ച് ഷോപ്പിങ്ങിന് പോയതായിരുന്നു. വാഹനത്തിന്റെ മുന്നില്‍ പണം വിതറി ഡ്രൈവറുടെ ശ്രദ്ധ തിരിഞ്ഞപ്പോള്‍ എസ്‌യുവിയുടെ ഡിക്കി തുറന്ന് ബാഗ് മോഷ്ടിക്കുകയായിരുന്നു.

സമീപത്തെ കെട്ടിടത്തിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. മൂന്നു പേരടങ്ങുന്ന സംഘം വളരെ ആസൂത്രിതമായാണ് പണം മോഷ്ടിച്ചതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനു മുമ്പും ഇവര്‍ ഇതേ തരത്തിലുള്ള മോഷണം നടത്തിയിട്ടുണ്ട്. മോഷ്ടിക്കാനുള്ള വാഹനം നിശ്ചയിച്ചുകഴിഞ്ഞാല്‍ ഏറെ സമയം പിന്തുടര്‍ന്നതിന് ശേഷമായിരിക്കും മോഷണം നടത്തുകയെന്ന് പോലീസ് പറയുന്നു. ഏതായാലും മോഷണ ദൃശ്യങ്ങള്‍ ജനങ്ങളില്‍ അമ്പരപ്പുണ്ടാക്കുകയാണ്.

Exit mobile version