ഇന്ത്യ-ന്യൂസിലാൻഡ് മത്സരം നടക്കുന്ന കാൺപുർ സ്റ്റേഡിയം തൊഴിലാളികൾക്ക് ഒപ്പം വൃത്തിയാക്കി ഐപിഎസ് ഓഫീസർ; കൈയ്യടി

കാൺപുർ: ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിനിടെ സോഷ്യൽമീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റി ഒരു ഐപിഎസ് ഓഫീസർ. മത്സരം നടക്കുന്ന കാൺപുരിലെ സ്റ്റേഡിയം വൃത്തിയാക്കിയാണ് ഈ ഓഫീസർ ക്രിക്കറ്റ് ആരാധകരുടെ സ്‌നേഹം പിടിച്ചുപറ്റിയത്.

മത്സരത്തിന്റെ ആദ്യ ദിനം മത്സരം അവസാനിച്ച ശേഷം സ്റ്റേഡിയം വൃത്തിയാക്കുകയായിരുന്നു ഐപിഎസ് ഓഫീസർ അസീം അരുൺ. കാൺപുർ നഗറിലെ പോലീസ് കമ്മീഷണറായ അസീം സ്റ്റേഡിയത്തിൽ നിന്ന് വെള്ളക്കുപ്പികളും കവറുകളും ശേഖരിക്കുന്ന വീഡിയോ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

സംഭവം വൈറലായതോടെ പ്രതികരണവുമായി അസീം അരുണും രംഗത്തെത്തി. കാൺപുർ നഗരം വൃത്തിയായി സൂക്ഷിക്കണമന്ന് രാഷ്ട്രപ്രതി രാംനാഥ് കോവിന്ദിന്റെ നിർദേശമുണ്ടെന്നും കാൺപുർ വാസികൾ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിൽ നിന്ന് അതിന് വലിയൊരു തുടക്കം കുറിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും അസീം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

നേരത്തെ സ്റ്റേഡിയത്തിലിരുന്ന് ഒരു കാണി പാൻ ചവച്ചുകൊണ്ട് മൊബൈലിൽ സംസാരിക്കുന്ന ദൃശ്യങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. കാൺപുരിലാണ് മത്സരമെന്ന് ഈ ചിത്രം പറയുമെന്ന പരിഹാസത്തോടെയായിരുന്നു ഫോട്ടോ പ്രചരിച്ചിരുന്നത്. എന്നാൽ താൻ പാൻ ചവയ്ക്കുകയായിരുന്നില്ലെന്നും സോഷ്യൽമീഡിയ ട്രോളുകൾ അതിരുകടക്കുന്നെന്നും പ്രതികരിച്ച് ഫോട്ടോയിലെ വ്യക്തി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

Exit mobile version