ഉത്തര്‍പ്രദേശില്‍ റോഡുകളുടെ പേരുമാറ്റം തുടരുന്നു : മുഗള്‍ റോഡ് ഇനി മഹാരാജ അഗ്രസേന്‍ മാര്‍ഗ്

ആഗ്ര : ഉത്തര്‍പ്രദേശില്‍ റോഡുകളുടെ പേര് മാറ്റം വീണ്ടും. ആഗ്രയിലെ മുഗള്‍ റോഡ് സര്‍ക്കാര്‍ മഹാരാജ അഗ്രസേന്‍ മാര്‍ഗ് എന്നാക്കി പുനര്‍നാമകരണം ചെയ്തു. വ്യാപാരികളുടെ നഗരമായ അഗ്രോഹയിലെ രാജാവായിരുന്നു അഗ്രസേന്‍.

പുതിയ തലമുറ പ്രമുഖ വ്യക്തികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം എന്നാണ് റോഡിന്റെ പേര് മാറ്റം സംബന്ധിച്ച് ആഗ്ര മേയര്‍ നവീന്‍ ജെയ്‌നിന്റെ പ്രതികരണം. “കമ്‌ല നഗര്‍, ഗാന്ധിനഗര്‍, വിജയനഗര്‍ കോളനി, ന്യൂ ആഗ്ര സോണ്‍, ബല്‍കേശ്വര്‍ പ്രദേശങ്ങളില്‍ മഹാരാജ അഗ്രസേന്‍ മാര്‍ഗിന് ആയിരക്കണക്കിന് അനുയായികളുണ്ട്. റോഡിന്റെ പുനര്‍നാമകരണ ചടങ്ങില്‍ പങ്കെടുത്തവര്‍ നിരവധിയാണ്. അവര്‍ അദ്ദേഹത്തിന് ആദരവ് അര്‍പ്പിച്ചു.” ജെയ്ന്‍ പറഞ്ഞു.

നേരത്തേ സുല്‍ത്താന്‍ഗഞ്ച് പുലിയയുടെ പേര് മാറ്റി സത്യപ്രകാശ് വികാല്‍ എന്നാക്കിയിരുന്നുവെന്നും ആഗ്രയിലെ തന്നെ ഖാട്ടിയ അസം ഖാന്‍ റോഡിന്റെ പേര് വിശ്വഹിന്ദു പരിഷത്ത് നേതാവ് അസോക് സിന്‍ഗാളിന്റെ പേരിലാക്കിയിട്ടുണ്ടെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

“പ്രമുഖ വ്യക്തികളുടെ പ്രതിമകള്‍ ആഗ്രയുടെ പല ഭാഗങ്ങളില്‍ സ്ഥാപിക്കാനാണ് ഉദ്ദേശം. വിക്ടോറിയ പാര്‍ക്കിന് മുമ്പില്‍ ഗോകുല ജാട്ട് എന്ന യോദ്ധാവിന്റെയും യമുന കിനാറ റോഡില്‍ മഹാറാണ പ്രതാപിന്റെയും പ്രതിമ സ്ഥാപിക്കും. പ്രതിമ അനാച്ഛാദനം ചെയ്യാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും ആവശ്യപ്പെടാനാണ് തീരുമാനം.” ജെയ്ന്‍ അറിയിച്ചു.

Exit mobile version