മോഡിയെ വിശ്വസിച്ച് നാട്ടിലേക്ക് മടങ്ങാൻ പറഞ്ഞ മാധ്യമപ്രവർത്തകനെ തേച്ചൊട്ടിച്ച് കർഷകന്റെ മാസ് മറുപടി

ഞങ്ങൾ മാപ്പ് പറഞ്ഞാൽ മോഡി ഗുജറാത്തിലേക്ക് തിരിച്ചു പോകുമോ? മോഡിയുടെ വാക്കും കഴുതയുടെ ചവിട്ടും! നാട്ടിലേക്ക് തിരിക്കുന്നില്ലേയെന്ന ചോദ്യത്തിന് മാസ് മറുപടിയുമായി കർഷകൻ

ന്യൂഡൽഹി: മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചിട്ടും കർഷകർ തങ്ങളുടെ അവകാശങ്ങൾക്കായി ഡൽഹി അതിർത്തിയിൽ സമരം തുടരുകയാണ്. നിയമങ്ങൾ പാർലമെന്റിൽ പിൻവലിക്കാതെ പിൻമാറില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർഷകർ. അതേസമയം, കർഷകരോട് വീട്ടിലേക്ക് മടങ്ങുന്നില്ലേ എന്ന ചോദ്യവുമായി സമീപിച്ച ഒരു മാധ്യമപ്രവർത്തകന് ലഭിച്ച മറുപടി സോഷ്യൽമീഡിയയിൽ വൈറലാണ്.

പ്രധാനമന്ത്രി നിയമങ്ങൾ പിൻവലിക്കുമെന്ന് പറഞ്ഞല്ലോ ഇനി നാട്ടിലേക്ക് മടങ്ങുകയല്ലേ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഞങ്ങൾ ആവശ്യപ്പെട്ടാൽ മോഡി ഡൽഹി വിട്ട് ഗുജറാത്തിലേക്ക് മടങ്ങിപ്പോകുമോ എന്നാണ് കർഷകൻ തിരിച്ചടിക്കുന്നത്.

സിആർ നീലകണ്ഠനാണ് ഹിന്ദിയിലുള്ള വീഡിയോ പരിഭാഷ ചെയ്ത് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്:

ഇത് ഒരു സാധാരണ കര്‍ഷകന്റെ വാക്കുകളാണ്. നരേന്ദ്ര മോദിയുടെ വാക്കുകളെ ഒരു കര്‍ഷകന്‍ എത്രമാത്രം വിശ്വാസത്തിലെടുക്കുന്നുവെന്നതിന്റെ തെളിവുകൂടിയാണ് നരേന്ദ്ര മോദി പ്രതിനിധാനം ചെയ്യുന്ന ബനാറസ് നിയോജക മണ്ഡലത്തിലെ വോട്ടര്‍ ആയ ഈ കര്‍ഷകന്‍. ഒരു ബനാറസ്‌കാരന്റെ സ്വതസിദ്ധമായ നര്‍മ്മത്തോടെ അദ്ദേഹം പറയുന്നത് കേള്‍ക്കുക.
—-
ചാനല്‍ പ്രതിനിധി: ഇപ്പോള്‍ സന്തോഷമായില്ലേ?
കര്‍ഷകന്‍ : ഞങ്ങള്‍ കരഞ്ഞതെപ്പോഴാണ്?
ചാ പ്ര: 12 മാസമായി ഇവിടെ ഇരിക്കുകയല്ലേ?
കര്‍ഷകന്‍ : ഇപ്പോഴും ഇരിക്കുകയല്ലേ. ഞങ്ങള്‍ക്കെന്ത് പ്രശ്‌നമാണുള്ളത്. ഞങ്ങള്‍ ഞങ്ങളുടെ വീട്ടിലും ഇരിക്കുകയായിരുന്നില്ലേ? വീട്ടിലായിരുന്നെങ്കില്‍ മേല്‍പ്പുരയൊക്കെ ചോരുന്നുണ്ടോന്ന് നോക്കണമായിരുന്നു. ഇവിടെ ഉറപ്പുള്ള നല്ല താമസ സൗകര്യങ്ങളുണ്ട്.
ചാ പ്ര: പിഎം മോദിജി കര്‍ഷകര്‍ അവരുടെ വീടുകളിലേക്ക് മടങ്ങണമെന്ന് പറഞ്ഞുവല്ലോ? എപ്പോഴാണ് വീടുകളിലേക്ക് മടങ്ങുന്നത്?
കര്‍ഷകന്‍: ഞങ്ങള്‍ അദ്ദേഹത്തോട് പറയുന്നത് നിങ്ങള്‍ ഞങ്ങളുടെ ദില്ലി ഉപേക്ഷിച്ച് ഗുജറാത്തിലേക്ക് മടങ്ങാനാണ്.. അദ്ദേഹം എന്തുകൊണ്ടു മടങ്ങുന്നില്ല?
ചാ പ്ര: ഇപ്പോള്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയല്ലേ. മടങ്ങിപ്പോകാതിരിക്കാനാകുമോ?
കര്‍ഷകന്‍: എംഎസ്പി ഉറപ്പുനല്‍കുന്ന നിയമ നിര്‍മ്മാണം നടത്തിയോ?
ചാ പ്ര: അദ്ദേഹം പറഞ്ഞല്ലോ. അദ്ദേഹത്തിന്റെ വാക്കുകളില്‍ വിശ്വാസമില്ലേ?
കര്‍ഷകന്‍: അദ്ദേഹത്തിന്റെ വാക്കും കഴുതയുടെ ചവിട്ടും…….
ചാ പ്ര: പ്രധാനമന്ത്രി മോദിയുടെ വാക്കുകളില്‍ വിശ്വാസമില്ലേ?!
കര്‍ഷകന്‍: മോദി…. മോദിയുടെ വാക്കും കഴുതയുടെ ചവിട്ടും. പ്രധാനമന്ത്രിയുടെ കാര്യമല്ല പറയുന്നത്. പ്രധാനമന്ത്രിപദം ആദരവര്‍ഹിക്കുന്നതാണ്.
ചാ പ്ര: പ്രധാനമന്ത്രിയാണ് പറഞ്ഞത് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന്.!!
കര്‍ഷകന്‍: ഞാന്‍ പറഞ്ഞില്ലേ… മോദിയാണ് പറഞ്ഞത്..
ചാ പ്ര: താങ്കള്‍ അദ്ദേഹത്തെ പ്രധാനമന്ത്രിയായി കണക്കാക്കുന്നില്ലെന്നോ?
കര്‍ഷകന്‍: പ്രധാനമന്ത്രിയെക്കുറിച്ചാണ് പറയുന്നതെങ്കില്‍ പാര്‍ലമെന്റില്‍ തീരുമാനമാകുമ്പോള്‍ പറയാം.
ചാ പ്ര: ഇപ്പോള്‍ അദ്ദേഹം പറഞ്ഞത്…?
കര്‍ഷകന്‍: അത് ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞ കാര്യമല്ലേ? തെരഞ്ഞൈടുപ്പ് റാലികളില്‍ ഇത്തരം വിടുവായത്തം സാധാരണയാണ്.
ചാ.പ്ര: ഇന്നത്തെ അദ്ദേഹത്തിന്റെ പ്രസംഗം വിടുവായത്തമായാണോ താങ്കള്‍ക്ക് തോന്നിയത്?
കര്‍ഷകന്‍: വിടുവായത്തമല്ലാതെ മറ്റെന്താണ്?
ചാ പ്ര: താങ്കള്‍ വിശ്വാസമുണ്ടാകാന്‍ എന്തുചെയ്യണം?
കര്‍ഷകന്‍: പാര്‍ലമെന്റില്‍ പറയണം. കാര്‍ഷിക നിയമം ലോക്‌സഭയിലാണ് പാസാക്കിയത്. ലോക്‌സഭയില്‍ തന്നെ അത് പിന്‍വലിക്കണം. എം എസ് പി ഉറപ്പാക്കിക്കൊണ്ടുള്ള നിയമം നിര്‍മ്മിക്കണം. 50000ത്തിലധി കര്‍ഷകരുടെ മേല്‍ കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്, അവരുടെ കാര്യത്തിലെന്താകും? 750ലധികം കര്‍ഷകര്‍ രക്തസാക്ഷികളായിട്ടുണ്ട് അക്കാര്യത്തിലെന്തു നടപടിയുണ്ടാകും? കരിമ്പ് കര്‍ഷര്‍ക്ക് പണം ലഭിക്കുന്നില്ല. അതിന്റെ കാര്യത്തിലെന്താകും? വൈദ്യുതി നിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അതിലെന്താണ് നടപടി? രാസവളത്തിന്റെ വില വര്‍ദ്ധിച്ചു. അതിന്റെ കാര്യത്തിലെന്താണ്?…
ചാ പ്ര: അദ്ദേഹം മാപ്പ് പറഞ്ഞല്ലോ?
കര്‍ഷകന്‍: ഞങ്ങള്‍ അദ്ദേഹത്തോട് ആറ് തവണ മാപ്പ് പറയാന്‍ തയ്യാറാണ്. ഞങ്ങളുടെ സീറ്റ് ഒഴിവാക്കി ഗുജറാത്തിലേക്ക് പോയ്‌ക്കോട്ടെ. അദ്ദേഹം ഒരാളല്ലേ പറഞ്ഞുള്ളൂ. ഞങ്ങള്‍ കര്‍ഷക സമൂഹം ഒറ്റക്കെട്ടായി പറയുന്നു. പ്രധാനമന്ത്രി പദത്തില്‍ നിന്ന് രാജിവെച്ച് ഗുജറാത്തിലേക്ക് പോകൂ.
ചാ പ്ര: അദ്ദേഹം പറയുന്നു, താന്‍ രാജ്യതാല്‍പര്യത്തെ കരുതിയാണ് തീരുമാനമെടുത്തതെന്ന്…
കര്‍ഷകന്‍: രാജ്യതാല്‍പര്യത്തെ കരുതിയോ? നേരത്തെ നിയമനിര്‍മ്മാണം നടത്തിയത് രാജ്യത്തിന് വിരുദ്ധമായിട്ടായിരുന്നില്ലേ? ഇന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പറയുന്നുരാജ്യതാല്‍പര്യത്തിന് വേണ്ടിയാണ് ഈ തീരുമാനമെടുത്തിരിക്കുന്നതെന്ന്.. നേരത്തെ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയപ്പോഴും രാജ്യതാല്‍പര്യത്തിന് വേണ്ടിയാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. എങ്കില്‍ പറയൂ… രാജ്യത്തെ വഞ്ചിക്കുന്ന തീരുമാനം ഏതായിരുന്നു. ആദ്യത്തേതോ, ഇപ്പോഴത്തേതോ?….
(ഹിന്ദി അറിയാത്തവര്‍ക്ക് വേണ്ടിയാണ് മലയാളത്തില്‍ കൊടുത്തിരിക്കുന്നത്. അക്കാരണംകൊണ്ട് ഇത് കേള്‍ക്കാതെ പോകരുത് എന്ന് തോന്നിയതുകൊണ്ടുമാത്രം.)
(കടപ്പാട് )

Exit mobile version