കാർഷിക പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കുടുംബത്തിന് 3 ലക്ഷം ധനസഹായം നൽകും: തെലങ്കാന സർക്കാർ

ഹൈദരാബാദ്: കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിലെ അതിർത്തിയിൽ നടത്തിയ പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സർക്കാരും. 750 കർഷകരുടെ കുടുംബങ്ങൾക്ക് മൂന്നുലക്ഷം വീതമാണ് ധനസഹായംനൽകുക.

കേന്ദ്രസർക്കാറിന്റെ മൂന്ന് നിയമങ്ങളും പിൻവലിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് തെലങ്കാന സർക്കാറിന്റെ പ്രഖ്യാപനം.

കൂടാതെ, ജീവൻ നഷ്ടമായ കർഷകരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ 25ലക്ഷം രൂപ വീതം നൽകണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ആവശ്യപ്പെടുകയും ചെയ്തു. പ്രക്ഷോഭത്തിനിടെ കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നും റാവു ആവശ്യപ്പെട്ടു. കർഷകർക്ക് പ്രഖ്യാപിച്ച ധനസഹായം നൽകുന്നതിന് സംസ്ഥാന സർക്കാറിന് 22.5 കോടി രൂപ ചെലവ് വരുമെന്ന് റാവു പറഞ്ഞു.

നേരത്തെ, ഡൽഹിയിലേക്ക് ട്രാക്ടർ മാർച്ച് നടത്തിയതിന്റെ പേരിൽ അറസ്റ്റിലായ 83 കർഷകർക്ക് 2 ലക്ഷം രൂപ വീതം ധനസഹായം നടൽകുമെന്ന് പഞ്ചാബ് സർക്കാരും പ്രഖ്യാപിച്ചിരുന്നു.

കാർഷികോൽപ്പന്ന വ്യാപാര വിപണന നിയമം 2020, കർഷക ശാക്തീകരണ സംരക്ഷണ നിയം 2020, അവശ്യവസ്തു ഭേദഗതി നിയമം 2020 എന്നിവയാണ് കേന്ദ്രസർക്കാർ പിൻവലിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.

Exit mobile version