ഉത്തരാഖണ്ഡ് മാസ്‌ക് ഒഴികെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നു

ഡെറാഡൂണ്‍ : സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകളില്‍ ക്രമാതീതമായ കുറവ് രേഖപ്പെടുത്തിയതോടെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. മാസ്‌ക് ഒഴികെയുള്ള നിയന്ത്രണങ്ങളാണ് നീക്കുന്നത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമായി തന്നെ തുടരുമെന്നും നാളെ മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഉത്തരാഖണ്ഡ് സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. മാസ്‌ക് ധരിക്കുന്നത് ലംഘിച്ചാലോ പൊതുസ്ഥലത്ത് തുപ്പിയാലോ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് പിഴയും ശിക്ഷയും ഉണ്ടാവും.അതുപോലെതന്നെ പൊതുസ്ഥലത്ത് പാന്‍, പുകയില എന്നിവയുടെ ഉപയോഗവും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

ഇന്നലെ ഉത്തരാഖണ്ഡില് 23 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,44,074 ആയി. ഇന്നലെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 7404 ആണ് ആകെ മരണസംഖ്യ.

Exit mobile version