ക്യാരി ബാഗ് നിര്‍ബന്ധിച്ച് വാങ്ങിപ്പിച്ചു : പിസ്സ ഔട്ട്‌ലെറ്റിന് 11,000 രൂപ പിഴ

ഹൈദരാബാദ് : കടയുടെ ലോഗോയുള്ള ക്യാരി ബാഗ് ഉപഭോക്താവിനെക്കൊണ്ട് നിര്‍ബന്ധിച്ച് വാങ്ങിപ്പിച്ചതിന് പിസ്സ ഔട്ട്‌ലെറ്റിന് 11,000 രൂപ പിഴ. ഹൈദരാബാദിലെ ഉപഭോക്തൃ ഫോറം ആണ് ശിവം റോഡിലെ പിസ്സ് ഔട്ട്‌ലെറ്റിന് പിഴയിട്ടത്. തുക ഉപഭോക്താവിന് തന്നെ കൈമാറണമെന്നാണ് ഫോറത്തിന്റെ നിര്‍ദേശം.

നിര്‍ബന്ധപൂര്‍വ്വം ക്യാരി ബാഗ് വാങ്ങിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി കെ മുരളി കുമാര്‍ എന്ന വിദ്യാര്‍ഥിയാണ് ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. 2019 സെപ്റ്റംബര്‍ 16നായിരുന്നു സംഭവം. പാഴ്‌സല്‍ വാങ്ങിയ പിസ്സയ്ക്ക് പുറമേ വിദ്യാര്‍ഥിയില്‍ നിന്ന് കടയുടെ ലോഗോയുള്ള ക്യാരി ബാഗ് വാങ്ങാന്‍ ജീവനക്കാര്‍ നിര്‍ബന്ധിക്കുകയും ബാഗിന്റെ വിലയായ 7.62 രൂപ കൂടി ഈടാക്കുകയുമായിരുന്നു.ഇത് ചോദ്യം ചെയ്തതോടെ ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയെന്നും വിദ്യാര്‍ഥിയുടെ പരാതിയിലുണ്ട്. സംഭവം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് പരാതിക്കാരന് അനുകൂലമായ ഉത്തരവുണ്ടായിരിക്കുന്നത്.

ആരോപണങ്ങളെല്ലാം പിസ്സ ഔട്ട്‌ലെറ്റ് ജീവനക്കാര്‍ നിഷേധിച്ചിരുന്നു. ക്യാരി ബാഗ് വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താവിനുണ്ടായിരുന്നുവെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് ഇവരുടെ വാദം.

Exit mobile version