പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎന്‍ കൗണ്‍സിലില്‍ ഇന്ത്യ

ന്യൂയോര്‍ക്ക് : പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യ. പാക് അധിനിവേശ കശ്മീരില്‍ നിന്നും പാകിസ്താന്‍ പിന്മാറണമെന്നും കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങള്‍ ഒഴിയണമെന്നും അറിയിച്ച ഇന്ത്യന്‍ പ്രതിനിധി പാകിസ്താനില്‍ നിന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളെ ശക്തിയായി എതിര്‍ക്കുമെന്നും നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.

രാജ്യാന്തര സമാധാനത്തിന്റെയും സുരക്ഷയുടെയും പരിപാലനം പ്രതിരോധ നയതന്ത്രത്തിലൂടെ എന്നതായിരുന്നു തുറന്ന ചര്‍ച്ചയുടെ വിഷയം. യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി കാജല്‍ ഭട്ടാണ് ചര്‍ച്ചയില്‍ പാക്‌സിതാനെതിരെ തുറന്നടിച്ചത്. ഭീകരവാദവും ശത്രുതയുമില്ലാത്ത അന്തരീക്ഷത്തിലേ അര്‍ഥവത്തായ സംഭാഷണങ്ങള്‍ക്ക് സാധ്യതയുള്ളൂ എന്നും അത്തരമൊരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കേണ്ടത് പാകിസ്താന്റെ ചുമതലയാണെന്നും കാജല്‍ ഭട്ട് അറിയിച്ചു.

“പാകിസ്താന്‍ ഉള്‍പ്പടെയുള്ള അയല്‍ രാജ്യങ്ങളുമായി നല്ലൊരുബന്ധം പുലര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് സിംല കരാറിനും ലഹോര്‍ പ്രഖ്യാപനത്തിനും അനുസൃതമായി ഉഭയകക്ഷിപരമായും സമാധാനപരമായും പരിഹരിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. എങ്കിലും ഭീകരവാദവും ശത്രുതയുമില്ലാത്ത അന്തരീക്ഷത്തില്‍ മാത്രമേ നല്ല ചര്‍ച്ചകള്‍ക്ക് സ്ഥാനമുള്ളൂ.”

“അങ്ങനെയൊരു അന്തരീക്ഷം സൃഷ്ടിക്കേണ്ടത് പാകിസ്താന്റെ ഉത്തരവാദിത്തമാണ്. അത് നടപ്പിലാക്കുന്നത് വരെ അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ക്കെതിരെ ഉറച്ചതും കടുത്തതുമായ നടപടികള്‍ ഇന്ത്യ തുടര്‍ന്നു കൊണ്ടേയിരിക്കും.” അവര്‍ പറഞ്ഞു.

Exit mobile version