മകന്റെ മൂന്നാം പിറന്നാളിന് വീട്ടിലെത്തുമെന്ന് ഭാര്യയ്ക്ക് ഉറപ്പുനല്‍കി; പിന്നാലെ ധീരമരണം വരിച്ച് സുമന്‍ സ്വര്‍ഗ്യാരി

ദിസ്പുര്‍: മകന്റെ മൂന്നാം പിറന്നാളിന് വീട്ടിലെത്തുമെന്ന് ഭാര്യയ്ക്ക് ഉറപ്പുനല്‍കിയതിനു പിന്നാലെ രാജ്യത്തിനായി പോരാടി ധീരമരണം വരിച്ച് സുമന്‍ സ്വര്‍ഗ്യാരി. മണിപ്പൂരില്‍ ഭീകരാക്രമണത്തിലാണ് സൈനികന്‍ വീരമൃത്യു വരിച്ചത്. ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ ഭാര്യയായ ജൂരി സ്വര്‍ഗ്യാരിയെ സുമന്‍ ഫോണില്‍ ബന്ധപ്പെടുകയും ഡിസംബറില്‍ വീട്ടിലേക്ക് വരുമെന്ന വിവരം പങ്കുവെയ്ക്കുകയും ചെയ്തിരുന്നുവെന്നും കുടുംബം പറയുന്നു.

ആസാമിലെ ബക്സ പോലീസ് സ്റ്റേഷനില്‍ പരിധിയിലെ തെക്കെറകുചിയാണ് സുമന്റെ സ്വദേശം. മരണവിവരം ഞായറാഴ്ച രാവിലെയാണ് കുടുംബത്തെ അറിയിച്ചത്. ജൂലൈയിലാണ് സുമന്‍ അവസാനമായി നാട്ടിലെത്തി മടങ്ങിയത്. ഡിസംബറില്‍, മകന്റെ പിറന്നാളിന് തീര്‍ച്ചയായും വരുമെന്ന് ഉറപ്പ് നല്‍കിയാണ് സുമന്‍ തിരിച്ചുപോയതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ജൂരി പറഞ്ഞു.

കഴിഞ്ഞദിവസം വിളിച്ചപ്പോള്‍ പണി നടന്നുകൊണ്ടിരിക്കുന്ന വീടിനെ കുറിച്ചും മകന്റെ പിറന്നാളിനെക്കുറിച്ചുമെല്ലാം സംസാരിച്ചിരുന്നു. പിറന്നാള്‍ ആഘോഷമാക്കണമെന്നും പറഞ്ഞാണ് ഫോണ്‍ വെച്ചത്. പതിവില്ലാതെ വളരെ പെട്ടന്ന് ഫോണ്‍ വെച്ചിരുന്നു. ഡ്യൂട്ടി സ്ഥലത്ത് നിന്ന് തിരിച്ചുവരികയാണെന്നും പിന്നീട് വിളിക്കാമെന്നും പറഞ്ഞു. അത് അവസാനത്തെ സംഭാഷണം ആയിരുന്നുവെന്ന് അറിഞ്ഞില്ല- ജൂരി നിറകണ്ണുകളോടെ പറയുന്നു.

ശനിയാഴ്ചയാണ് മണിപ്പുരിലെ ചുരാചന്ദ്പുര്‍ ജില്ലയില്‍ സൈനികരുടെ വാഹനവ്യൂഹത്തിനു നേരേ ഭീകരാക്രമണം നടന്നത്. 46 അസം റൈഫിള്‍സിന്റെ കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും നാല് സൈനികരും ആക്രമണത്തില്‍ വീരമൃത്യു വരിച്ചു. കേണലിന്റെ ഭാര്യ, നാലു വയസ്സുള്ള മകന്‍ എന്നിവരും കൊല്ലപ്പെട്ടിരുന്നു. മണിപ്പുര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണ് ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

Exit mobile version