മീന്‍ വാങ്ങി, പണം നല്‍കിയില്ല; ചോദ്യം ചെയ്ത മീന്‍കാരന് അതിക്രൂരമര്‍ദ്ദനം! സ്റ്റീല്‍ കമ്പികൊണ്ട് കണ്ണ് ചൂഴ്‌ന്നെടുത്തു, കെട്ടിടത്തില്‍ നിന്നും തള്ളിയിട്ടു! ദാരുണ മരണം

ഡെറാഡൂണ്‍: മീന്‍ വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് നാലുപേര്‍ ചേര്‍ന്ന് മീന്‍ വില്‍പ്പനക്കാരനെ ക്രൂരമായി കൊലപ്പെടുത്തി. ഭഗ്വാന്‍ സിങ് പടിയാര്‍ (33) ആണ് മരിച്ചത്. ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലാണ് ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വില്‍പനക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും സ്റ്റീല്‍ വടി ഉപയോഗിച്ച് കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും ചെയ്ത ശേഷം, ഇരുനില വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞായിരുന്നു ക്രൂരത.

ഗുരുതരാവസ്ഥയില്‍ എട്ട് ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഭഗ്വാന്‍ സിങ് മരണപ്പെട്ടത്. നൈനിറ്റാള്‍ ജില്ലയിലെ ടോക് നര്‍ത്തോള ഗ്രാമത്തിലാണ് ഇയാള്‍ മീന്‍ വില്‍പന നടത്തിയിരുന്നത്. നവംബര്‍ രണ്ടിന് രാത്രി ഏഴ് മണിയോടെ നാട്ടുകാരായ നാലുപേര്‍ മീന്‍ വാങ്ങാനെത്തിയത്. എന്നാല്‍ മീന്‍ വാങ്ങിയ ശേഷം പണം നല്‍കാന്‍ ഇവര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി.

തുടര്‍ന്ന് നാലുപേരും ചേര്‍ന്ന് ഭഗ്വാന്‍ സിങിനെ ക്രൂരമായി മര്‍ദ്ദിക്കുകയും സ്റ്റീല്‍ വടി ഉപയോഗിച്ച് കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുനില വീടിന്റെ മേല്‍ക്കൂരയിലേക്ക് വലിച്ചിഴച്ച് കയറ്റിയ ശേഷം താഴേക്ക് തള്ളിയിടുകയുമായിരുന്നു. സംഭവത്തില്‍ നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.

Exit mobile version