റിപ്പബ്ലിക് ദിന പരേഡ്; കേരളത്തിന്റെ ഫ്‌ലോട്ട് ഒഴിവാക്കി പ്രതിരോധമന്ത്രാലയം

വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശനവുമുള്‍പ്പെടെയുള്ള നവോത്ഥാന സംഭവങ്ങള്‍ അടിസ്ഥാനമാക്കിയ ഫ്‌ലോട്ടാണ് ഇത്തവണ സംസ്ഥാനം അവതരിപ്പിക്കാനിരുന്നത്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ ഫ്‌ലോട്ട് കേന്ദ്രം ഒഴിവാക്കി. വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശനവുമുള്‍പ്പെടെയുള്ള നവോത്ഥാന സംഭവങ്ങള്‍ അടിസ്ഥാനമാക്കിയ ഫ്‌ലോട്ടാണ് ഇത്തവണ സംസ്ഥാനം അവതരിപ്പിക്കാനിരുന്നത്. പരേഡ് അവതരിപ്പിക്കാന്‍ പരിഗണനയിലുണ്ടായിരുന്ന 19 സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഇടം നേടിയിരുന്നു. തുടര്‍ന്ന് നാല് ഘട്ടങ്ങളിലുള്ള പരിശോധനയ്ക്ക് ശേഷം ഇതില്‍ 14 സംസ്ഥാനങ്ങളുടെ ഫ്ളോട്ടുകളാണ് തെരഞ്ഞെടുത്തത്.

ചുരുക്ക പട്ടികയില്‍ ഇടം നേടിയ സംസ്ഥാനങ്ങള്‍ 26ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട്‌ പ്രതിരോധ സെക്രട്ടറി കത്തുനല്‍കിയിട്ടുണ്ട്. എന്നാല്‍, കേരളത്തിന് ഇതുവരെ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് വിവരം.

2014ല്‍ പുരവഞ്ചിയിലൂടെ മികച്ച ദൃശ്യാവിഷ്‌കാരത്തിനുള്ള സ്വര്‍ണമെഡല്‍ കേരളം നേടിയിരുന്നു. അതേ സമയം കേരളത്തിന്റെ ഫ്‌ലോട്ട് നിഷേധിച്ചതിനു പിന്നില്‍ രാഷ്ട്രീയസമ്മര്‍ദമാണെന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്ന് വന്നിട്ടുണ്ട്.

Exit mobile version