ആസാമില്‍ സിമന്റ് ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 10 പേര്‍ക്ക് ദാരുണാന്ത്യം

ഗുവാഹത്തി: ആസാമില്‍ സിമന്റ് ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 10പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ നാല് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ആസാമിലെ കരിംഗഞ്ച് ജില്ലയിലാണ് ദാരുണമായ അപകടം നടന്നത്. ഛാഠ് പൂജ കഴിഞ്ഞ് മടങ്ങിയവരാണ് അപകടകത്തില്‍പ്പെട്ടത്. കരിംഗഞ്ച് ജില്ലയിലെ പതാര്‍കണ്ടിയില്‍ അസം ത്രിപുര ഹൈവേയിലാണ് അപകടമുണ്ടായത്.

ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഒന്‍പത് പേര്‍ തല്‍ക്ഷണം മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. അപകടം നടന്നയുടന്‍ ട്രക്ക് ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായി പോലീസ് വ്യക്തമാക്കി.

ട്രക്ക് ഡ്രൈവറെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ച് രംഗത്തെത്തി. മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Exit mobile version