ശ്രീനഗര്‍-ഷാര്‍ജ സര്‍വീസ് : വ്യോമപാത അനുവദിക്കണമെന്ന് പാകിസ്താനോട് ഇന്ത്യ

ന്യൂഡല്‍ഹി : ശ്രീനഗര്‍-ഷാര്‍ജ വിമാന സര്‍വീസിനായി വ്യോമപാത അനുവദിക്കണമെന്ന് പാക്‌സിതാനോട് അനുമതി തേടി ഇന്ത്യ. കഴിഞ്ഞ മാസം ഫ്‌ളാഗ് ഓഫ് ചെയ്ത ഗോ ഫസ്റ്റ് യാത്രാവിമാനത്തിന് വ്യോമപാത നിഷേധിച്ച സംഭവത്തെത്തുടര്‍ന്നാണ് ഇന്ത്യയുടെ നടപടി.

ഈ റൂട്ടില്‍ യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാരുടെ താല്പര്യം പരിഗണിക്കണമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. യാത്രാനുമതി ലഭിക്കുന്നതിന് നയതന്ത്രമാര്‍ഗങ്ങളിലൂടെ ശ്രമം തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം കശ്മീര്‍ സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്ത സര്‍വീസാണിത്.

ഗോ എയറില്‍ നിന്ന് പേര് മാറ്റി ഗോ ഫസ്റ്റ് ആയ വിമാനം 23നാണ് സര്‍വീസ് ആരംഭിച്ചത്.31 വരെ പാക് വ്യോമപാതയിലൂടെയാണ് പറന്നതും. എന്നാല്‍ പിന്നീടുള്ള സര്‍വീസുകള്‍ക്ക് വ്യോമപാത വിട്ട് നല്‍കില്ലെന്ന് പാകിസ്താന്‍ അറിയിക്കുകയായിരുന്നു. ഇതിന്റെ കാരണം പാകിസ്താന്‍ വ്യക്തമാക്കിയിട്ടില്ല.

വ്യോമപാത നിഷേധിച്ചതിനെത്തുടര്‍ന്ന് ഗോ ഫസ്റ്റ് വിമാനത്തിന് നാല്പത്തിയഞ്ച് മിനിറ്റോളം അധികം പറക്കേണ്ട അവസ്ഥയാണ്.തല്‍സ്ഥിതി തുടര്‍ന്നാല്‍ ടിക്കറ്റ് ചാര്‍ജും ഉയര്‍ത്തേണ്ടതായി വരും.

Exit mobile version