വിമാനത്താവളത്തില്‍വെച്ച് വിജയ് സേതുപതിയെ ആക്രമിച്ചത് മലയാളി, മദ്യലഹരിയിലെന്ന് പോലീസ്, യുവാവ് കസ്റ്റഡിയില്‍

ബംഗളൂരു: വിമാനത്താവളത്തില്‍വെച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് സേതുപതിയെ ആക്രമിച്ചത് മലയാളി. ബംഗലൂരുവില്‍ താമസിക്കുന്ന ജോണ്‍സണ്‍ ആണ് മദ്യലഹരിയിലെത്തി ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിജയ് സേതുപതിയെയും കൂടെ ഉണ്ടായിരുന്ന മറ്റൊരു നടനെയും അംഗരക്ഷകരെയും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

താരം ബംഗളൂരു വിമാനത്താവളത്തിന് പുറത്തേക്ക് വരുമ്പോഴായിരുന്നു സംഭവം. യുവാവ് അകാരണമായി ആക്രമിക്കുകയായിരുന്നു. വിജയ് സേതുപതിയും നടനും സുഹൃത്തുമായ മഹാഗന്ധിയും അംഗരക്ഷകര്‍ക്കൊപ്പം നടന്നുനീങ്ങുന്നതിനിടെയാണ് ആക്രമണം.

ഇവരുടെ ഇടയിലേക്ക് ഒരാള്‍ കടന്നുവന്ന് ആക്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. ആക്രമണത്തില്‍ മഹാഗന്ധിക്ക് മര്‍ദ്ദനമേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുശ്രദ്ധയില്‍പ്പെട്ട വിജയ് സേതുപതി ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. അതിനിടെ, വിജയ് സേതുപതിയെ അക്രമി തള്ളിനീക്കി.

അതേസമയം, എന്താണ് പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version