ജാതിയുടെ പേരിൽ യുവതിയെ അന്നദാനത്തിൽ നിന്നും ഇറക്കിവിട്ടു; സോഷ്യൽമീഡിയ രോഷം ഉയർന്നതോടെ മന്ത്രിക്കൊപ്പം അന്നദാനത്തിൽ പങ്കെടുത്ത് അശ്വിനി

ചെന്നൈ: തമിഴ്നാട് മഹാബലിപുരത്തെ ക്ഷേത്രത്തിലെ അന്നദാനത്തിൽ നിന്നും യുവതിയെ ഇറക്കിവിട്ട സംഭവത്തിൽ ജനരോഷം. ജാതി വിവേചനത്തിന്റെ പേരിലാണ് തന്നെ ഇറക്കിവിട്ടതെന്ന് യുവതി ആരോപിച്ചിരുന്നു. പിന്നാലെ ആരോപണം നേരിട്ട ക്ഷേത്രത്തിൽ തന്നെ ഇറക്കിവിട്ട യുവതിയ്ക്കൊപ്പം ദേവസ്വം മന്ത്രി ഭക്ഷണം കഴിക്കാനെത്തുകയും ചെയ്തു.

സോഷ്യൽ മീഡിയയലടക്കം ഉൾപ്പെടെ വിമർശനം വ്യാപകമായതോടെയാണ് ദേവസ്വം മന്ത്രി തന്നെ വിഷയത്തിൽ ഇടപെട്ടത്. ദേവസ്വം മന്ത്രി ശേഖർ ബാബുവാണ് ജാതി വിവേചനത്തിന് എതിരെ ശക്തമായ സന്ദേശം നൽകി അന്നദാനത്തിൽ പങ്കെടുത്തത്.

മഹാബലിപുരത്തെ ക്ഷേത്രത്തിലായിരുന്നു സംഭവം. നരിക്കുറവ സമുദായാംഗമായ അശ്വിനി എന്ന യുവതിയെ അന്നദാനത്തിൽ നിന്നും വിലക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. വിവേചനത്തെ യുവതി ചോദ്യം ചെയ്യുന്നതായിരുന്നു വീഡിയോ ദൃശ്യങ്ങളിലുണ്ടായിരുന്നത്.

പിന്നാലെ ക്ഷേത്രത്തിലെത്തിയ മന്ത്രി അശ്വിനിക്കും മറ്റ് സമുദായാംഗങ്ങൾക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. തിരുപ്പോരൂർ എംഎൽഎയും കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അന്നദാനത്തിൽ പങ്കെടുത്തു.

അന്നദാനത്തിനായി വരിയിൽ കാത്തുനിന്ന അശ്വിനിയെ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരാൾ വന്ന് പുറത്ത് പോകാൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് ആരോപണം.

Exit mobile version