ക്ലാസ്സ് മുറിയില്‍ മൊബൈല്‍ ഫോണ്‍ വിലക്കിയതിന് അധ്യാപകനെ വിദ്യാര്‍ഥികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചു

ഗൊരഖ്പൂര്‍ : യുപിയില്‍ ക്ലാസ്സ് മുറിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയ അധ്യാപകനെ വിദ്യാര്‍ഥികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചു. ഗൊരഖ്പൂരിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ബുധനാഴ്ചയാണ് സംഭവം. കമ്പ്യൂട്ടര്‍ അധ്യാപകനായ സയ്യദ് വാസിഖ് അലിയാണ് വിദ്യാര്‍ഥികളുടെ മര്‍ദനത്തിനിരയായത്.

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയും മറ്റ് രണ്ട് വിദ്യാര്‍ഥികളും സംഘം ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് അധ്യാപകന്റെ പരാതി. ക്ലാസ്സില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചതോടെ കറുത്ത തുണി കൊണ്ട് അധ്യാപകന്റെ മുഖം മൂടുകയും മര്‍ദിക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. തിരിച്ചറിയാത്ത മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.വധശ്രമത്തിനാണ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ആരോപണവിധേയനായ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു. മറ്റ് രണ്ട് വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞ ശേഷം നടപടി സ്വീകരിക്കുമെന്നാണ് പ്രിന്‍സിപ്പല്‍ അറിയിച്ചിരിക്കുന്നത്.

Exit mobile version