ലോകകപ്പ് ട്വന്റി 20യിലെ പാകിസ്താന്റെ വിജയം ആഘോഷിച്ചു; മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍, ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് യോഗി ആദിത്യനാഥ്

Yogi Adityanath | Bignewslive

ആഗ്ര: ലോകകപ്പ് ട്വന്റി 20യില്‍ ഇന്ത്യക്കെതിരായ പാകിസ്താന്റെ വിജയം ആഘോഷിച്ച മൂന്ന് കാശ്മീരി വിദ്യാര്‍ത്ഥികള്‍ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ അറസ്റ്റില്‍. ഇവരുടെ പേരില്‍ രാജ്യദ്രോഹം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. ആഗ്രയിലെ രാജാ ബല്‍വന്ത് സിങ് എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ഥികളായ അര്‍ഷീദ് യൂസുഫ്, ഇനായത്ത് അല്‍താഫ് ഷെയ്ഖ്, ഷൗകത്ത് അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.

രാജദ്രോഹ കുറ്റത്തിന് പുറമെ സൈബര്‍ ടെററിസം, വിദ്വേഷ പ്രചാരണം എന്നീ വകുപ്പുകളും വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. ഇവരെ പാകിസ്താന് അനുകൂലമായി സ്റ്റാറ്റസുകള്‍ ഷെയര്‍ ചെയ്തതിന് സസ്പെന്‍ഡ് ചെയ്തതായി കോളേജ് അധികൃതരും അറിയിച്ചിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ പാകിസ്താന്‍ വിജയം ആഘോഷിക്കുന്നതായി വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരും കോളേജില്‍ എത്തിയിരുന്നു. വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പോലീസും ബി.ജെ.പി. പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Exit mobile version