വനിതാ ഡോക്ടറുടെ തലയിലേയ്ക്ക് ഫാന്‍ പൊട്ടി വീണു; ആശുപത്രിയില്‍ ഹെല്‍മെറ്റ് ധരിച്ച് ചികിത്സ നടത്തി ഡോക്ടര്‍മാരുടെ വ്യത്യസ്ത പ്രതിഷേധം

ഹൈദരാബാദ്: ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറുടെ തലയിലേയ്ക്ക് ഫാന്‍ പൊട്ടി വീണതില്‍ പ്രതിഷേധവുമായി ഡോക്ടര്‍മാര്‍. ഒസ്മാനിയ ജനറല്‍ ആശുപത്രിയിലാണ് സംഭവം. ഡ്യൂട്ടിക്കിടെ ഹെല്‍മെറ്റ് ധരിച്ചാണ് ഡോക്ടര്‍മാര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

ആശുപത്രിയിലെ സീലിംഗ് ഫാന്‍ പൊട്ടി വീണ് ത്വക്ക് വിഭാഗത്തിലെ വനിതാ ഡ്യൂട്ടി ഡോക്ടര്‍ക്കാണ് തലയില്‍ സാരമായി പരിക്കേറ്റത്. ഇത്തരം അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്ന് ആശുപത്രി സൂപ്രണ്ടിനോട് ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘം ആവശ്യപ്പെട്ടു. ജീവന്‍ അപകടത്തിലാക്കി പ്രവര്‍ത്തിക്കുന്നത് രോഗികളുടെ പരിചരണത്തിനും ചുമതലകള്‍ നിര്‍വഹിക്കുന്നതിനും വേണ്ടിയാണ്.

ജോലി ചെയ്യുന്നതില്‍ തടസ്സമാകുമെന്നതിനാല്‍ ഇക്കാര്യം പരിശോധിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ഡോക്ടര്‍മാര്‍ രംഗത്തെത്തി. ‘ഇത്തരം അപകടം ആശുപത്രിയില്‍ ദൈനംദിന സംഭവങ്ങളായി മാറിയിരിക്കുന്നു…ഇതുവരെ ജീവനക്കാര്‍ക്കോ രോഗികള്‍ക്കോ മാരകമായ പരിക്കുകള്‍ സംഭവിക്കാത്തത് ഭാഗ്യം കൊണ്ടാണ്. വീണ്ടും അപകടങ്ങള്‍ ആവര്‍ത്തിച്ചാല്‍ അധികാരികള്‍ ഉത്തരം പറയേണ്ടിവരും” സൂപ്രണ്ടിന് സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍ പറഞ്ഞു.

Exit mobile version