സിംഘുവിൽ നിന്നും സമരം ചെയ്യുന്ന കർഷകരെ ഒഴിപ്പിക്കാൻ കൃഷി മന്ത്രിയുടെ 10 ലക്ഷത്തിന്റെ ഗൂഢാലോചന; സായുധ വിഭാഗക്കാരായ നിഹാങ് തലവനെ സമീപിച്ചു

ന്യൂഡൽഹി: കർഷക സമരത്തെ അടിച്ചമർത്താൻ രക്തച്ചൊരിച്ചിലിനും കേന്ദ്രസർക്കാർ മുതിർന്നെന്ന് പുതിയ വെളിപ്പെടുത്തൽ. ഡൽഹി അതിർത്തിയായ സിംഘു സമരകേന്ദ്രത്തിൽനിന്ന് കർഷകരെ നീക്കാൻ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ സിഖ് സായുധ വിഭാഗമായ നിഹാങ്ങിന്റെ മേധാവി ബാബ അമൻ സിങ്ങുമായി ചർച്ചനടത്തിയെന്നാണ് റിപ്പോർട്ട്.

സിംഘുവിൽ ദളിത് യുവാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തിന് പിന്നാലെയാണ് നിഹാങ്ങുകളുടെ ഇടപെടലിനെച്ചൊല്ലിയുള്ള പുതിയ വിവാദം പുറത്തുവരുന്നത്. ജൂലൈ അവസാനം കേന്ദ്ര കൃഷിസഹമന്ത്രി കൈലാഷ് ചൗധരിയുടെ ന്യൂഡൽഹിയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.

ബിജെപിയുടെ കിസാൻ മോർച്ച നേതാവ് സുഖ്മീന്ദർപാൽ സിങ് ഗ്രെവാളും യോഗത്തിൽ പങ്കെടുത്തിരുന്നു. തോമറും ബാബയും ഒന്നിച്ചുനിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കർഷകപ്രക്ഷോഭത്തിന് പരിഹാരം കാണാനായിരുന്നു യോഗമെന്ന് ഗ്രെവാൾ പറഞ്ഞു. എന്നാൽ, നിഹാങ് മേധാവി പങ്കെടുത്തിരുന്നില്ലെന്നാണ് മന്ത്രി തോമറുടെ ഓഫീസ് വിശദീകരിച്ചത്.

തനിക്ക് 10 ലക്ഷം രൂപ വാഗ്ദാനം നൽകിയതായി ബാബ പറഞ്ഞു. കർഷകരെ ഒഴിപ്പിക്കാൻ പണവും കുതിരകളെയും വാഗ്ദാനംചെയ്തു. കാർഷികനിയമങ്ങൾ റദ്ദാക്കുക, താങ്ങുവില ഉറപ്പാക്കുക, സിഖ് ഗ്രന്ഥം അപമാനിച്ച വിഷയത്തിൽ നടപടി ഉറപ്പാക്കുക, നിഹാങ്ങുകളുടെ പേരിലുള്ള കേസ് പിൻവലിക്കുക എന്നീ നാല് ആവശ്യങ്ങൾ തങ്ങൾ മുന്നോട്ടുവെച്ചു. പണവാഗ്ദാനം നിരസിച്ചെന്നും ആവശ്യം അംഗീകരിച്ചാലേ ഉപരോധസ്ഥലത്തുനിന്ന് പിൻവാങ്ങൂവെന്ന് വ്യക്തമാക്കിയെന്നും ബാബ പറയുന്നു.

അതേസമയം, ബിജെപിയുടെ കുതന്ത്രങ്ങളാണിതെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ അഭിപ്രായപ്പെട്ടു. ലഖിംപുർ സംഭവത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ഗൂഢാലോചനയാണ് സിംഘുവിലെ കൊലപാതകം. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് കിസാൻ മോർച്ച നേതാക്കളായ ബൽബീർ സിങ് രജേവാൾ, ദർശൻപാൽ, ഗുർണാം സിങ് ചാദുനി, ഹനൻമൊള്ള തുടങ്ങിയവർ ആവശ്യപ്പെട്ടു.

Exit mobile version