കനത്ത മഴ : ഉത്തരാഖണ്ഡില്‍ 16 പേര്‍ മരിച്ചു

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ 16 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇന്നും സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയും കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

കനത്ത മഴയെത്തുടര്‍ന്ന് വ്യാപക നഷ്ടമാണ് ഉത്തരാഖണ്ഡില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നൈനിറ്റാളിലെ രാംഘട്ടില്‍ മേഘവിസ്‌ഫോടനം ഉണ്ടായതായാണ് വിവരം. പല റോഡുകളും മുങ്ങിയതിനാല്‍ ഗതാഗതം താറുമാറായിക്കിടക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. രാംഗനര്‍-റാണി കെട്ട് റൂട്ടിലെ ലെമണ്‍ ട്രീ റിസോര്‍ട്ടില്‍ 100 പേര്‍ കുടുങ്ങിക്കിടക്കുന്നതായി ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ അറിയിച്ചു. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കോശി നദിയിലെ വെള്ളം കര കവിഞ്ഞ് റിസോര്‍ട്ടില്‍ കയറുകയായിരുന്നു.

മഴ കനക്കുന്ന സാഹചര്യത്തില്‍ ഹരിദ്വാറിലും ഋഷികേശിലുമുള്ള തീര്‍ഥാടകരോട് സ്ഥിതി നിയന്ത്രണവിധേയമാകുന്നത് വരെ അവിടെത്തന്നെ തുടരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ 2000ത്തോളം തീര്‍ഥാടകരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരക്കെയുള്ള മഴയ്ക്ക് കാരണം. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

Exit mobile version