മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കി എന്‍കെ പ്രേമചന്ദ്രനും മല്ലികാര്‍ജുന ഖാര്‍ഗെയും

ഫെയിം ഇന്ത്യ മാഗസിനും ഏഷ്യ പോസ്റ്റും ഏര്‍പ്പെടുത്തിയ അവാര്‍ഡിനാണ് ഇരുവരും അര്‍ഹരായത്

ന്യൂഡല്‍ഹി: മികച്ച പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള അവാര്‍ഡിന് ആര്‍എസ് പി നേതാവ് എന്‍കെ പ്രേമചന്ദ്രനും കോണ്‍ഗ്രസ് ലോകസഭാകക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയും അര്‍ഹരായി. ഫെയിം ഇന്ത്യ മാഗസിനും ഏഷ്യ പോസ്റ്റും ഏര്‍പ്പെടുത്തിയ അവാര്‍ഡിനാണ് ഇരുവരും അര്‍ഹരായത്. വ്യത്യസ്ത മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി 25 വിഭാഗങ്ങളിലായി ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ദക്ഷിണേന്ത്യയില്‍നിന്ന് അവാര്‍ഡിന് അര്‍ഹരായവര്‍ ഇവര്‍ രണ്ടുപേര്‍മാത്രമാണ്. ജനുവരിയില്‍ ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണംചെയ്യും.

ഫെയിം ഇന്ത്യ മാഗസിനും ഏഷ്യ പോസ്റ്റും ഏര്‍പ്പെടുത്തിയ അവാര്‍ഡിന് മന്ത്രിമാര്‍ ഒഴികെയുള്ള അംഗങ്ങളെയാണ് പരിഗണിച്ചത്. മികച്ച നിലവാരം പുലര്‍ത്തിയ എംപി എന്ന വിഭാഗത്തിലാണ് എന്‍കെ പ്രേമചന്ദ്രന് പുരസ്‌കാരം. ബഹുജനസമ്മതി, പൊതുവിഷയങ്ങളിലുള്ള ഇടപെടലുകള്‍, ലോക്സഭയിലെ ചര്‍ച്ചകളിലെ പങ്കാളിത്തം, പൊതുതാത്പര്യ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ചോദ്യങ്ങള്‍, ജനാധിപത്യ ശാക്തീകരണത്തിനായി കൊണ്ടുവന്ന സ്വകാര്യബില്ലുകള്‍, വിവിധ വിഷയങ്ങളിലുള്ള അറിവ്, പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സഹായം, മണ്ഡലത്തിലെ എംപിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് അവാര്‍ഡ് കമ്മിറ്റി പരിഗണിച്ചത്.

Exit mobile version