ബിസ്‌കറ്റ് കഴിച്ചില്ലെങ്കില്‍ ദോഷം: പാര്‍ലെ ജി ബിസ്‌കറ്റിനായി തിക്കിതിരക്കി ജനം, നിമിഷനേരം കൊണ്ട് സ്‌റ്റോക്ക് തീര്‍ന്നു

ബീഹാര്‍: ബിസ്‌കറ്റ് കഴിച്ചില്ലെങ്കില്‍ ദോഷമെന്ന് പ്രചാരണം, പാര്‍ലെ ബിസ്‌കറ്റിനായി തിക്കിതിരക്കി ജനം. ബീഹാറിലാണ് കുപ്രചരണത്തെ തുടര്‍ന്ന് പാര്‍ലെ ബിസ്‌കറ്റിന്റെ വില്‍പന കൂടിയത്.

ബിഹാറിലെ ജിതിയ വ്രതവുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത പ്രചരിച്ചത്. ജിതിയ വ്രതത്തില്‍ ആണ്‍കുട്ടികള്‍ പാര്‍ലെ ജി ബിസ്‌കറ്റ് കഴിക്കാന്‍ വിസമ്മതിച്ചാല്‍ ഭാവിയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു വാര്‍ത്ത.

ബിഹാറിലെ ഹൈന്ദവര്‍ വര്‍ഷം തോറും എടുക്കുന്ന വ്രതമാണ് ജിവിത്പുത്രിക വ്രതം അഥവാ ജിതിയ വ്രതം. ഇതിന്റെ ഭാഗമായി കുട്ടികളുടെ ദീര്‍ഘായുസിനും ആരോഗ്യകരവും സമൃദ്ധവുമായ ജീവിതത്തിനായി അമ്മമാര്‍ 24 മണിക്കൂര്‍ ഉപവസിക്കുന്നു.
വ്യാഴാഴ്ച ജില്ലയിലെ ചില സ്ഥലങ്ങളില്‍ പാര്‍ലെ-ജി ബിസ്‌ക്കറ്റിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതേതുടര്‍ന്ന് കടകളിലും മറ്റും ബിസ്‌കറ്റ് വാങ്ങാന്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പല ഷോപ്പുകളുടെ മുന്നിലും നീണ്ട ക്യൂ ദൃശ്യമായിരുന്നു. ഒരു ബിസ്‌കറ്റ് പായ്ക്കറ്റ് എങ്കിലും കിട്ടിയാല്‍ മതിയെന്നായിരുന്നു ആളുകള്‍ക്ക്.

ഇതോടെ ഭൂരിഭാഗം കടകളിലെയും പാര്‍ലെ ജി ബിസ്‌കറ്റുകള്‍ നിമിഷനേരം കൊണ്ട് വിറ്റഴിയുകയും ചെയ്തു. ആവശ്യം മുതലാക്കി പലരും ബിസ്‌കറ്റ് കരിഞ്ചന്തയിലും വില്‍പന നടത്തി. 5 രൂപ വിലയുള്ള ബിസ്‌കറ്റിന് 50 രൂപയാണ് കരിഞ്ചന്തയില്‍ ഈടാക്കിയത്.

ബിഹാറിലെ ഗ്രാമപ്രദേശങ്ങളായ ബര്‍ഗാനിയ, ദെഹ്, നാന്‍പൂര്‍, ബാജ്പട്ടി, മെജര്‍ഗഞ്ച്, ജില്ലയിലെ മറ്റ് ചില ബ്ലോക്കുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും വാര്‍ത്ത പ്രചരിച്ചത്. ജില്ലയില്‍ എങ്ങനെയാണ് ഇത്തരം കിംവദന്തികള്‍ പ്രചരിച്ചതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് സീതാമര്‍ഹി എസ്പി ഹര്‍കിഷോര്‍ റായ് പറഞ്ഞു.

Exit mobile version